ശ്രീനാരായണ ഗുരുദേവൻ

Sunday 23 April 2023 6:00 AM IST

പാരിതിൽ പാർത്താലിത്ര ധന്യനാം ഗുരുവിനെ

ആരാധിക്കുവാനായതെത്രയോ മഹാഭാഗ്യം

നേരായ മാർഗങ്ങളിലാരാഞ്ഞാ മറയുടെ

സാരമാം രഹസ്യത്തെ തിരഞ്ഞ മഹാധന്യൻ.

ചാതുർവർണ്യത്തിന്റേതാം ജാതിക്കോമരങ്ങളും

നീതിചത്തടിഞ്ഞുള്ള മതവൈകൃതങ്ങളും

വേദനയേറ്റിങ്ങാ ഹൃദയം പിടയ്‌ക്കവെ

സാധകം ചെയ്തുമാറ്റി വെളിച്ചം പകർന്നോനെ

പ്രാചീനഭാരതാംബ നീചമാമാചാരത്താൽ

ആചിതഭാവം പേറി ആരെയും ഭയക്കാതെ

വീചികളലറിടും ആഴിപോലവയെല്ലാം

മോചിതമാകാത്തതും കാണുന്നു ഗുരുദേവൻ.

ഈശ്വരൻ പ്രപഞ്ചത്തിൽ ആകവെയുണ്ടെന്നൊരു

ശാശ്വത സത്യത്തെയും കണ്ടല്ലോ ഗുരുദേവൻ

പാശബന്ധിതമായ മായയുമകറ്റി തൻ

ആശയമൊക്കെയിങ്ങു ലോകർക്കങ്ങേകി ദേവൻ.

കാണുക സ്വയം നിങ്ങൾ ഈശ്വരൻ തന്നിൽ തന്നെ

വാണീടുന്നുണ്ടെന്നുള്ള സത്യത്തെ ബോധിപ്പാനായി

ഉണർന്നു കണ്ടിട്ടതിൽ ആനന്ദിപ്പതിനായി

കണ്ണാടിപ്രതിഷ്ഠയും ചെയ്തല്ലോ ഗുരുദേവൻ.

വീഴ്‌ചയുണ്ടാകാതിങ്ങു കാപ്പതിനായി നിത്യം

വാഴ്‌ത്തുന്നു ഗുരോ ഞങ്ങൾ ഗുരുവിൻ തൃപ്പാദങ്ങൾ

ആഴത്തിലുള്ള നിൻ അറിവിൻ സമുദ്രത്തിൽ

ആഴ‌്‌ത്തി ഞങ്ങളെയെന്നും കാക്കണം ഗുരുദേവ.

Advertisement
Advertisement