എ.ഐ കാമറ പദ്ധതിയിൽ ദുരൂഹത, കണക്കുകളിൽ പൊരുത്തക്കേടുകൾ
'നിർമ്മിത ബുദ്ധി"യെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ
തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികളെ പോലും വിടാതെ ഗതാഗത നിയമത്തിന്റെ പേരിൽ കുരുക്കി പണം വാരാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എ.ഐ കാമറകൾ സ്ഥാപിച്ചതിൽ അടിമുടി ദുരൂഹത.
726 കാമറ സ്ഥാപിക്കുന്നതിന് 232.25 കോടി രൂപ ചെലവായി എന്ന കണക്കിലാണ് പ്രധാന ദുരൂഹത. കാമറ ഒന്നിന് 30 ലക്ഷത്തോളം രൂപയെന്ന് പറയുന്നതിലെ 'നിർമ്മിത ബുദ്ധി"യെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആർട്ടിഫിഷ്യൽ എ.ഐ എൻഫോഴ്സ്മെന്റ് കാമറ ഒരു ലക്ഷം രൂപ മുതൽ വിപണിയിൽ ലഭിക്കുമെന്നിരിക്കെയാണ് കാമറ ഒന്നിന് 30 ലക്ഷം വീതം ചെലവഴിച്ചതായുള്ള അവകാശവാദം. മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകിയ കരാർ ഉപകരാർ വഴി നടപ്പിലാക്കുകയാണെന്ന് സർക്കാർ രേഖകകളിലുണ്ട്. പക്ഷേ, മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
കാമറകൾ സ്ഥാപിക്കുമ്പോൾ ഭീമമായ തുകയായാലും അതിലേറെ തുക ഒരു വർഷം കൊണ്ട് വാഹനഉടമകളിൽ നിന്ന് പിഴിഞ്ഞ് എടുക്കാമെന്ന റിപ്പോർട്ട് നൽകിയാണ് പദ്ധതിക്ക് സർക്കാരിന്റെ അന്തിമാനുമതി നേടിയെടുത്തത്.
റോഡുകളിലെല്ലാം ന്യൂജെൻ കാമറകൾ സ്ഥാപിക്കുന്നതിലൂടെ മോട്ടോർ വാഹന വകുപ്പ് ആദ്യവർഷം ലക്ഷ്യമിട്ടത് 261.1 കോടി രൂപയാണ്. നിർമ്മിത ബുദ്ധി സംവിധാനമുള്ള എ.എൻ.പി.ആർ കാമറകൾ രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഉപയോഗിക്കുമ്പോഴാണ് ഏറ്റവും കൂടിയ വരുമാനമായി 245 കോടി രൂപ ലഭിക്കുന്നതെന്നും പദ്ധതി റിപ്പോർട്ടിലുണ്ട്.
പല നേരം പല കണക്ക്
മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയപ്പോൾ 245 കോടി രൂപ ചെലവു വരുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 18ന് പദ്ധതിക്ക് അംഗീകാരം നൽകിയപ്പോൾ അത് 232.25 കോടിയായി. അത് 20 ത്രൈമാസ ഗഡുക്കളായി കെൽട്രോണിന് നൽകി തീർക്കണമെന്നാണ് വ്യവസ്ഥ.
അതേസമയം, മാർച്ച് 15ന് നിയമസഭയിൽ ഇതു സംബന്ധിച്ച അനൂപ് ജേക്കബിന്റെ ചോദ്യത്തിന് കാമറകളും കൺട്രോൾ റൂമുകളും സ്ഥാപിച്ചതിന് 165.89 കോടി രൂപയാണ് വേണ്ടി വരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മറുപടി നൽകിയിട്ടുണ്ട്.