വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി, പിന്നാലെ മോദിക്കെതിരെ ഭീഷണിക്കത്ത്; അയൽവാസിയെ കുടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Sunday 23 April 2023 1:57 PM IST

കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് ഭീഷണിക്കത്ത് എത്തിയ കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ഇയാളുടെ കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ചതിന് ശേഷമായിരുന്ന് അറസ്റ്റ്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ ജോണിയുടെ പേരിൽ ഇയാൾ കത്തെഴുതുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിൽ ഏപ്രിൽ 18നാണ് കത്ത് വന്നത്. ഫോൺ നമ്പറും കത്തിലുണ്ടായിരുന്നു. പിന്നാലെ അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കതൃക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് കണ്ടെത്തി. കത്തെഴുതിയത് താനല്ലെന്നും കത്തിന് പിന്നിൽ നാട്ടുകാരനായ സേവ്യറാണെന്നും ജോണി ആരോപിച്ചിരുന്നു. പൊലീസിനോടാണ് ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോടുള്ള വിരോധം തീർക്കാൻ സേവ്യർ ഇത്തരത്തിൽ ചെയ്തതാകാമെന്നാണ് ജോണി പൊലീസിനോട് പറഞ്ഞത്.

തുടർന്ന് സേവ്യറെ ചോദ്യം ചെയ്തെങ്കിലും ആരോപണം നിഷേധിച്ചതിനെത്തുടർന്ന് കയ്യക്ഷരം ശാസ്‌ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാട്ടുകാരിൽ ചിലരും സേവ്യറിനെതിരെ മൊഴി നൽകി. പള്ളി പ്രാർത്ഥനാ ഗ്രൂപ്പ് യോഗത്തിൽ വരവുചെലവ് കണക്കുകൾ സംബന്ധിച്ച് തർക്കമുണ്ടായെന്നും ഇതിന് 'വിവരമറിയുമെന്ന്' സേവ്യ‌ർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ജോണി പറഞ്ഞിരുന്നു.