പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത് മഹത്വം; ജനങ്ങളുടെ നന്മയ്ക്കും പുരോഗതിയ്ക്കുമായി തങ്ങളുടെ ചിന്തകൾ നൽകുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ക്നാനായ സുറിയാനി സഭാ മെത്രാപ്പൊലീത്ത

Monday 24 April 2023 12:27 PM IST

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരം ലഭിച്ചത് മഹത്വമായി കാണുന്നെന്ന് ക്നാനായ സുറിയാനി സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കും പുരോഗതിയ്ക്കുമായി തങ്ങളുടെ ചിന്തകൾ നൽകുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ആർഷ ഭാരത സംസ്‌കാരമെന്ന് പറയുമ്പോൾ എല്ലാവരുടെയും പൈതൃകമാണല്ലോ. സമസ്ഥ ലോകത്തിന് സുഖവും സന്തോഷവും ഉണ്ടാകണമെന്നാണ്. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ, സർവ മനുഷ്യർക്കും ദൈവത്തെ ആരാധിക്കാനും, എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നുള്ള ചിന്ത മനുഷ്യരിലുണ്ടാകുന്നതിനും, എല്ലാവരും സഹോദരീ-സഹോദരന്മാരാണെന്ന ചിന്തയിൽ സർക്കാർ പരിശ്രമിക്കുമ്പോൾ അവിടെ ഒരു വിവേചനവും ആവശ്യമില്ല.' - അദ്ദേഹം പറഞ്ഞു.

എട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായിട്ടാണ് മോദി ഇന്ന് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുക. കർദ്ദിനാൾ ഉൾപ്പെടെ ബി ജെ പി അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകർ കാണുന്നത്.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സഭാമേധാവിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ക്രൈസ്തവരിലെ ഒരുവിഭാഗത്തിന്റെ പിന്തുണകൂടി ലഭിച്ചാൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏതാനും സീറ്റിൽ വിജയിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.