സാമൂഹ്യ മുന്നേറ്റങ്ങളെ തകർക്കാൻ ആർ.എസ്.എസ് ശ്രമം: കാരാട്ട്

Tuesday 25 April 2023 1:24 AM IST

തിരുവനന്തപുരം: കഴിഞ്ഞ നൂറ്റാണ്ടിൽ നാം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന രാജ്യത്തെ ഹിന്ദുത്വ ഭരണകൂടം ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എ.കെ.ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾചരിത്രവും മറ്റും മായ്ച്ചു കളഞ്ഞ്, യുക്തിയില്ലാത്ത ആശയങ്ങൾ തിരുകിക്കയറ്റി ചരിത്രം തിരുത്തിയെഴുതുകയാണ്. ഏറ്റവുമൊടുവിലായി ഡാർവിന്റെ പരിണാമ സിദ്ധാന്തമാണ് മായ്ച്ചുകളഞ്ഞത്. അതിന് ആർ.എസ്.എസ് നേതാവിന്റെ ന്യായീകരണം, മനുഷ്യൻ ഉണ്ടായത് ദശാവതാരങ്ങളിലൂടെയാണെന്നാണ്. അവർ ചരിത്രത്തെയും ശാസ്ത്രത്തെയും പിറകോട്ട് നടത്തിക്കാനാണ് ശ്രമിക്കുന്നത്. നവോത്ഥാന മൂല്യങ്ങളുടെ വെളിച്ചമില്ലാതാക്കാനാണ് ശ്രമം.

ജാതി രഹിത സമൂഹ സൃഷ്ടിക്കായി ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹാത്മാക്കൾ മുന്നോട്ടുവച്ച ആശയങ്ങൾ ഏറ്റെടുത്ത് വർഗരഹിത സമൂഹ സൃഷ്ടിക്കായി പോരാടണം. ആർ.എസ്.എസ് അതിന്റെ ചരിത്രത്തിലൊരിക്കലും ക്ഷേത്ര പ്രവേശന സമരത്തിന് തയാറായിട്ടില്ല. അവർ വർണാശ്രമ ധർമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. അവരുടെ വിശ്വാസം മനു സ്മൃതിയിലാണ്.മേൽജാതിക്കാരെയും അടിച്ചമർത്തപ്പെട്ട കീഴ്ജാതിക്കാരെയുമെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താനായി എന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ സവിശേഷത. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരെപ്പോലുള്ളവർ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരപ്പോരാളിയായി. അദ്ദേഹം തമിഴ്നാട് പ്രദേശ് കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷനെന്ന നിലയിലാണ് സമരം ഏറ്റെടുത്തതെങ്കിലും

കോൺഗ്രസ് സമീപനത്തിൽ മാറ്റം വന്നതോടെ പാർട്ടി വിട്ടു.

വൈക്കം സത്യഗ്രഹത്തിന്റെ തുടർച്ചയായി പിന്നാക്ക- അധസ്ഥിത ജനവിഭാഗത്തിന്റെ വിമോചന പോരാട്ടം കേരളത്തിൽ ശക്തിപ്പെട്ടത് ഇടതുപക്ഷത്തിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സജീവത കൊണ്ടായിരുന്നു. തമിഴ്നാട്ടിലൊക്കെ ഇപ്പോഴും ദളിതർക്കെതിരായ അതിക്രമം നടക്കുമ്പോൾ,കേരളത്തിലതില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചു. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. കെ.എൻ. ഗണേശ്, കെ.എം. ഷീബ, വി. കാർത്തികേയൻ നായർ എന്നിവർ പ്രതികരണം നടത്തി. ടി.എം. തോമസ് ഐസക് സ്വാഗതവും ആർ. പാർവതിദേവി നന്ദിയും പറഞ്ഞു.