തോക്ക് ചൂണ്ടി ഭീഷണി : യുവാവ് പിടിയിൽ

Tuesday 25 April 2023 12:28 AM IST

പത്തനംതിട്ട : ബന്ധുവിനെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കപ്പാറ മണ്ണിൽപടി മണ്ണിൽ പുത്തൻവീട്ടിൽ റോബിൻ കോശി (42) യാണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് ബന്ധുവായ കോശി തോമസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞുനിറുത്തി അസഭ്യം പറയുകയും നാടൻ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിയൊച്ചകേട്ട നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിവരം അറിയിച്ചു. പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷ്, സിവിൽ പാെലീസ് ഓഫീസർമാരായ സോണിമോൻ ജോസഫ്, വിജയൻ,രാം പ്രകാശ് എന്നിവർ സെർച്ച് ലൈറ്റുകളുടെ സഹായത്താൽ സമീപസ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. തോക്ക് കണ്ടെടുക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണിത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 6 തിരകൾ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് ടീമിന്റെ സഹായത്തോടെ തെളിവ് ശേഖരിച്ചു. വീട്ടിൽ കൂടുതൽ പരിശോധന നടത്തി. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി യുവാവിനെ റിമാൻഡ് ചെയ്തു.