തിരുവനന്തപുരത്തെ ആദ്യ ജെന്റർ ന്യൂട്രൽ പാർക്ക്; നഗരസഭയുടെ മറ്റൊരു അലംഭാവം, 4.75 കോടി പാഴ്ച്ചെലവായി
കുളത്തൂർ: തിരുവനന്തപുരം നഗരസഭയുടെ ആദ്യ 'ജെന്റർ ന്യൂട്രൽ' ജൈവ വൈവിദ്ധ്യ പാർക്കായ പൗണ്ട്‌കടവിലെ ഡോ.എ.പി.ജെ.അബ്ദുൾ കലാം പാർക്ക് നാശത്തിലേയ്ക്ക്. 4.75 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപേ ട്രാക്ക് ഉൾപ്പെടെ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
തുമ്പ വി.എസ്.എസ്.സിക്ക് സമീപം പാർവതി പുത്തനാറിന്റെ തീരത്താണ് അബ്ദുൾകലാം പാർക്ക് സ്ഥിതിചെയ്യുന്നത്. ആദ്യം പൗണ്ടുകടവ് മുതൽ കുളത്തൂർ സ്റ്റേഷൻകടവ് വരെ പാർവതി പുത്തനാറിന് സമാന്തരമായി 1.5 കിലോമീറ്റർ നീളത്തിലും ശരാശരി 20 മീറ്റർ വീതിയിലുമാണ് പാർക്കിന്റെ രൂപകല്പന തയ്യാറാക്കിയിരുന്നത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി കൈയേറി രൂപരേഖ തയ്യാറാക്കിയത് കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് പാർക്കിന്റെ നീളം 700 മീറ്ററിൽ ഒതുക്കിയത്.
തിരുവനന്തപുരം നഗരസഭയുടെ കീഴിലെ മരങ്ങളുടെയും ചെടികളുടെയും ആദ്യ മ്യൂസിയമാണ് 'ആർബറേറ്റ് 'എന്ന പേരിൽ അബ്ദുൾകലാം പാർക്കിൽ ഒരുക്കുമെന്ന് പറഞ്ഞിരുന്നത്. പാർക്ക് വരുന്നതാേടെ നഗരസഭയുടെ ഓപ്പൺ സ്പേസ് ഗണ്യമായി വർദ്ധിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. മരങ്ങളും ചെടികളൊന്നുമില്ലാതെ വരണ്ട് വീണ്ടുകീറി കിടക്കുന്ന പാർക്ക് ഇപ്പോൾ നൂറു ശതമാനവും ഓപ്പണാണ്.
- രൂപരേഖ തയ്യാറാക്കിയത് - തിരുവനന്തപുരത്തെ റീസൈക്കിൾ ബിൻ
- കരാർ കമ്പനി - ബാങ്കേഴ്സ് കൺസോർഷ്യം
- പദ്ധതിക്ക് ചെലവാക്കിയത് - 4.75 കോടി രൂപ
രൂപരേഖയിൽ പറഞ്ഞിരുന്നത്
1) സൈക്കിൾ ട്രാക്ക്
2) ചിൽഡ്രൻസ് പാർക്ക്
3) വാക്ക് വേ, കണ്ടൽ ചെടികൾ, ബാംബൂ
4) ഉയരം കുറഞ്ഞ തണൽ മരങ്ങൾ
5) ഓപ്പൺ ജിം
6) മോഡേൺ ടോയ്ലെറ്റുകൾ
7) എക്കോളജിക്കൽ, പോഷകത്തോട്ടം, ഔഷധ സസ്യത്തോട്ടം
8) സൗരോർജ്ജ വിളക്കുകൾ
പൂർത്തിയാകാത്ത പദ്ധതികൾ
ന്യൂട്രിഷ്യസ് പാർക്ക്, പ്ലാന്റ്‌സ് പാർക്ക്, കാലാവസ്ഥാ പാർക്ക്, റെയിൻ ഔട്ട് റീചാർജ് പാർക്ക് എന്നിങ്ങനെ നാല് തരത്തിൽ തരം തിരിച്ചാണ് പാർക്കിന്റെ നിർമ്മാണമെന്ന് രൂപരേഖയിൽ പറഞ്ഞതല്ലാതെ ഒന്നുമുണ്ടായില്ല. പാർക്കിൽ സാധാരണ ടോയ്‌ലെറ്റ് ബ്ലോക്കിന് പുറമെ യൂണിവേഴ്സലി അംഗീകരിച്ച അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ജെന്റർ ഫ്രീ ടോയ്‌ലെറ്റ് ബ്ലോക്ക് പൂർത്തിയാകാതെ ഇപ്പോഴും അടഞ്ഞ നിലയിലാണ്.
വൃക്ഷങ്ങളുടെ സംരക്ഷണവും പാഴ്‌വാക്കായി
പാർക്കിൽ ഔഷധ പ്രാധാന്യമുള്ളതും പ്രധാനപ്പെട്ടതുമായ 500ലധികം വൃക്ഷലദാതികളുടെ വൈവിദ്ധ്യവത്കരണവും സംരക്ഷണവും എടുത്തുപറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവിടെ പാഴ്ച്ചെടികളും കള്ളിമുള്ളുകളുമല്ലാതെ ഒന്നുമില്ല. വിദേശത്ത് നിന്ന് ചെടികളും മരങ്ങളും എത്തിക്കുമെന്ന് പറഞ്ഞതും പാഴ്‌വാക്കായി.
വി.എസ്.എസ്.സിക്കും സ്ഥലം പോയി
രണ്ടാം ഘട്ടത്തിൽ പാർക്കിന്റെ വടക്കേ അറ്റത്ത് സ്റ്റേഷൻകടവ് ജംഗ്‌ഷനിൽ വി.എസ്.എസ്.സി വിട്ടുനൽകിയ 19 സെന്റ് സ്ഥലമുൾപ്പെടെ 23 സെന്റ് സ്ഥലത്ത് ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പൂർണകായ പ്രതിമയും കലാം മെമ്മോറിയലും, പുൽത്തകിടിയും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് രൂപരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, വി.എസ്.എസ് സിക്ക് കൈയിലിരുന്ന സ്ഥലവും നഷ്ടമായി.