ഉദ്ഘാടനത്തിന് പിന്നാലെ വന്ദേഭാരതിൽ ചോർച്ച; കനത്ത മഴയിൽ ബോഗിക്കുള്ളിലേക്ക് വെള്ളമിറങ്ങി
കണ്ണൂർ: ഉദ്ഘാടനത്തിന് പിന്നാലെ വന്ദേഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. കനത്ത മഴയിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളമിറങ്ങി. മുകൾ വശത്തുണ്ടായ വിള്ളലിലൂടെയാണ് വെള്ളത്തെിയത്. ജീവനക്കാർ ചോർച്ച അടയ്ക്കാനുള്ള ജോലികൾ തുടങ്ങി.
ഇന്നലെ രാവിലെയാണ് വന്ദേഭാരതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിച്ചത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ രാത്രിയോടെ കാസർകോടെത്തി. പതിനൊന്നുമണിയോടെ ഇത് വെള്ളം നിറയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. റെയിൽവേ സ്‌റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് നിർത്തിയിട്ടിരുന്നത്.
രാത്രി കണ്ണൂരിൽ കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയാണ് ട്രെയിനിനുള്ളിലെ ചോർച്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. എക്സിക്യൂട്ടീവ് കോച്ചിലാണ് വെള്ളമിറങ്ങിയത്. അതേസമയം, ഇത് സർവീസിനെ ബാധിക്കില്ലെന്നാണ് സൂചന. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ട്രെയിൻ കാസർകോട്ടെത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടും.