12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ, 26 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

Thursday 27 April 2023 1:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് 26 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ടൂറിസം വികസനത്തിന്റെ ഭാഗമായി തദ്ദേശ- ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതിയുടെ ഭാഗമായാണിത്.

ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രദേശവാസികളായ നൂറോളം പേർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനുമാകും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് നൽകും. ശേഷിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തണം. ഇതുപ്രകാരം ഭരണാനുമതി നൽകിയ 26 കോടിയിൽ 13 കോടി ടൂറിസം വകുപ്പിന്റെ വിഹിതമാണ്.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ ആധുനിക രീതിയിലാകും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. പദ്ധതിയുടെ നിർവഹണവും നടത്തിപ്പും വരുമാനവും തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഒരു വർഷത്തിനകം കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും.

അനുമതി ലഭിച്ച

പദ്ധതികളും തുകയും

( ബ്രാക്കറ്റിൽ ടൂറിസം വകുപ്പിന്റെ വിഹിതം)

അയിരൂർ കഥകളി മ്യൂസിയം-1,46,31,522 രൂപ (50,00,000)

പോത്തൻ പ്ലാക്കൽ നക്ഷത്ര ജലോത്സവം- 99,99,500 (50,00,000)

അരീക്കുഴി വെള്ളച്ചാട്ടം- 88,00,000 (50,00,000)

ചിറക്കുളം മധുരം പൂങ്കാവനം- 98,83,900 (50,00,000)

ഒട്ടകത്തലേമട്- 1,50,00,000 (50,00,000)

ചുനയമയ്ക്കൽ വെള്ളച്ചാട്ടം-96,00,000 (46,00,000)

ഏകയം വെള്ളച്ചാട്ടം- 1,50,00,000 (50,00,000)

ഇരച്ചിൽപ്പാറ, കച്ചാരം വെള്ളച്ചാട്ടം- 70,32,771 (42,19,663)

പാപ്പിനിമേട് വ്യൂപോയിന്റ് - 50,00,000 (30,00,000)

തേക്കടി ടൂറിസം പാർക്ക്- 97,26,000 (50,00,000)

നക്ഷത്രകുത്ത് വെള്ളച്ചാട്ടം- 72,00,000 (43,20,000)

കോടമ്പള്ളി ചിറ - 50,00,000 (30,00,000)

മൂലെമ്മൽ പാർക്ക് - 99,00,000 (50,00,000)

മംഗലമ്പുഴ പാർക്ക്- 25,00,000 (15,00,000)

വയലോരം- 71,10,470 (42,66,282)

ചെമ്മാപ്പിള്ളി തൂക്കുപാലം- 50,00,000 (30,00,000)

മണച്ചാൽ പാർക്ക്- 85,00,000 (50,00,000)

പൊതുമ്പിച്ചിറ കായൽ- 85,70,000 (50,00,000)

കാരമല പാർക്ക്- 83,50,000 (50,00,000)

ചാലിയാർ എക്കോടൂറിസം- 1,00,00,000 (50,00,000)

ചൊവ്വ പുഴ എക്കോടൂറിസം- 99,70,000 (50,00,000)

മുണ്ടേരിപാർക്ക്- 1,50,00,000 (50,00,000)

​ഗോവിന്ദമൂല ചിറ- 76,15,000 (45,69,000)

വൈത്തിരി പുഴ- 85,00,000 (50,00,000)

ഇരിട്ടി എക്കോപാർക്ക്- 90,00,000 (50,00,000)

കുട്ടിപ്പുല്ല് പാർക്ക് -83,00,000 (49,80,000)

കാക്കത്തുരുത്ത്- 99,10,000 (50,00,000)

ഇരപ്പൻപാറ- 29,31,815 (17,59,089)

നിഴലിടം- 90,00,000 (50,00,000)

കോട്ടഞ്ചേരി ഹിൽസ്- 89,99,485 (50,00,000)

''പദ്ധതിയുടെ ഭാ​ഗമായി നിരവധി പുതിയ ഡെസ്റ്റിനേഷനുകൾ സംസ്ഥാനത്ത് സജ്ജമാവുകയാണ്. തദ്ദേശ വകുപ്പുമായി ചേർന്ന് കൂടുതൽ പദ്ധതികൾക്ക് രൂപം നൽകാൻ ആലോചിക്കുന്നു.

-പി.എ മുഹമ്മദ് റിയാസ്,

ടൂറിസം മന്ത്രി