വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് തടവറ ലഭിക്കുന്ന സാഹചര്യം: മുഖ്യമന്ത്രി
ടി.വി.ആർ. ഷേണായ് മാദ്ധ്യമശ്രേഷ്‌ഠ പുരസ്‌കാരം നൽകി
ന്യൂഡൽഹി: രാജ്യത്ത് വിയോജിപ്പുകൾ തുറന്നുപറയുന്നവർക്ക് തടവറ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ മാദ്ധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ പേരിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ മാദ്ധ്യമശ്രേഷ്‌ഠ പുരസ്‌കാരം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷേണായിയുടെ നിലപാടുകൾ വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്ന് രൂപപ്പെട്ടതായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
മലയാള മനോരമ മുൻ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഇ. സോമനാഥിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച ടി.വി.ആർ. ഷേണായി മാദ്ധ്യമശ്രേഷ്‌ഠ പുരസ്‌കാരം സോമനാഥിന്റെ മകൾ ദേവകി സോമനാഥ് ഏറ്റുവാങ്ങി. വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ആരോടും വെറുപ്പ് സൂക്ഷിക്കാത്ത വ്യക്തിത്വമായിരുന്നു സോമനാഥിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. കെ.വി. തോമസ്, എൻ. അശോകൻ (മാതൃഭൂമി), ജോമി തോമസ് (മലയാള മനോരമ), ജോർജ് കളളിവയലിൽ (ദീപിക), ഡൽഹി അതിരൂപത സഹായ മെത്രാൻ ഡോ. ദീപക് തോറോ എന്നിവർ പങ്കെടുത്തു.