പെരുമ്പാവൂരിൽ തീച്ചൂളയിൽ വീണ തൊഴിലാളി വെന്തുമരിച്ചു, കണ്ടെത്തിയത് ഉടലിന്റെ ഭാഗങ്ങളും പല്ലോടുകൂടിയ താടിയെല്ലും, തിരച്ചിൽ തുടരുന്നു

Friday 28 April 2023 12:10 PM IST

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ് കാണാതായ പശ്ചി​മ ബംഗാൾ മുർഷിദാബാദ് സ്വദേശി നസീർ ഹുസൈന്റെ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ഉടലിന്റെ ഭാഗങ്ങളും കാൽപ്പാദത്തിലെ അസ്ഥിയും പല്ലോടുകൂടിയ താടിയെല്ലും നട്ടെല്ലിലെ ചില കശേരുക്കളുമാണ് ഹിറ്റാച്ചി ഉപയോഗിച്ചുള്ള തിരച്ചിലിൽ കണ്ടെത്തിയത്. ശേഷിക്കുന്ന ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. കുഴിയിലെ പുക, വെള്ളം പമ്പുചെയ്ത് കുറച്ചശേഷം മാലിന്യം ഹിറ്റാച്ചികൊണ്ട് കോരി പുറത്തെടുത്താണ് അവശിഷ്ടങ്ങൾ ശേഖരിക്കുന്നത്.

ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്ന നസീർ ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു കുഴിയിൽ വീണത്..പതിനഞ്ചടിക്കുമേൽ പ്ലൈവുഡ് മാലിന്യം നിറഞ്ഞിരുന്ന കുഴിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വെള്ളം ചീറ്റിച്ച് അണയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടം കണ്ട മറ്റുള്ളവർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം മാറ്റി നസീറിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഓടക്കാലി സ്വദേശി ടി.പി. മുഹമ്മദിന്റേതാണ് കമ്പനി.

Advertisement
Advertisement