നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ ലഹരി ഇടപാട് അന്വേഷിക്കുന്നു

Saturday 29 April 2023 9:02 PM IST

കൊച്ചി: നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ ലഹരിബന്ധങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് ചേരാനല്ലൂർ ഒഴുകത്തുവീട്ടിൽ വി.ജെ. സാബു നൽകിയ പരാതിയിലാണ് നടപടി. കലൂർ തറേപ്പറമ്പിൽ പെയിന്റിംഗ് തൊഴിലാളിയായ രാകേഷിന്റെ ഭാര്യ അനഘ ലക്ഷ്മിയെയാണ് (23) കഴിഞ്ഞ തിങ്കളാഴ്ച കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. മയക്ക്മരുന്ന് വിപണനത്തിന് ഭർത്താവ് നിർബന്ധിച്ച് മകളെ ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പരാതിയിലുണ്ട്. മരിക്കുന്നതിന് തലേദിവസം അനഘ മൊബൈൽഫോണിൽ ടൈപ്പുചെയ്ത സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് മരണമൊഴിയായി രേഖപ്പെടുത്തിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അനഘയുടെ മാതാപിതാക്കൾ നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ രാകേഷിനെ അറസ്റ്റുചെയ്തെങ്കിലും ഇയാൾക്ക് ജാമ്യംലഭിച്ചു. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതത്. മകൾ മരിച്ച ദിവസം രാത്രി വൈകിയാണ് രാകേഷ് വീട്ടിലെത്തിയത്. മറ്റ് ബന്ധുക്കളെ അറിയിച്ചശേഷം അവസാനമാണ് രാകേഷിന്റെ വീട്ടുകാർ തങ്ങളെ വിവരമറിയിച്ചത്. തങ്ങൾ ജനറൽ ആശുപത്രിയിൽ എത്തുമ്പോൾ രാകേഷിന്റെ ബന്ധുക്കൾ അവിടെയുണ്ടായിരുന്നു. മകളുടെ ദേഹത്ത് ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. കലൂരിൽ താമസിക്കുന്ന രാകേഷിന്റെ കുടുംബം മകളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ ജനറൽ ആശുപത്രിയിൽ എത്തിച്ചതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.