കുടിവെളള ക്ഷാമം പരിഹരിക്കാൻ നഗരസഭയുടെ ടാങ്കർ റെഡി
തൃക്കാക്കര: നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കാൻ നഗരസഭ കുടിവെള്ള ടാങ്കർ ലോറി സജ്ജമാക്കി.
19 ലക്ഷത്തോളം രൂപ മുടക്കി 5300 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറിയാണ് നഗരസഭ വാങ്ങിയത്. വേനൽ കഠിനമാവുന്നതോടെ കൊല്ലംകുടിമുഗർ, പാട്ടുപുര നഗർ, നെടുംകുളങ്കര മല, അത്താണി, കളത്തിക്കുഴി, നിലംപതിഞ്ഞി മുഗൾ, തുതിയൂർ, അത്താണി തുടക്കിയ നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ടാങ്കർ വാങ്ങുന്നതോടെ കുടിവെള്ള പ്രശനങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാവും അതാത് പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കുക. മുൻ വർഷങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ടാങ്കർ ലോറികൾക്ക് ഭീമമായ തുക വാടകയിനത്തിൽ നൽകേണ്ടിവന്നിരുന്നു.ഈ സാഹചര്യത്തിലാണ് നഗരസഭ സ്വന്തമായി ടാങ്കർ വാങ്ങാൻ തീരുമാനിച്ചത്.
കമ്പനി അധികൃതരിൽ നിന്ന് വാഹനത്തിന്റെ താക്കോൽ നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, മുനിസിപ്പൽ സെക്രട്ടറി ഇൻചാർജ് ഹരിദാസ്, അസി.എൻജിനിയർ സൗമ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ, തുടങ്ങിയവർ പങ്കെടുത്തു.