പൊലീസ് അന്വേഷണത്തിൽ വീഴ്‌ച, അഭിമന്യുവിന്റെ കൊലയാളികളെ മുഴുവൻ പിടിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കുടുംബം

Tuesday 25 June 2019 9:08 AM IST

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അന്വേഷണത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്ന വിമർശനവുമായാണ് അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷമാകാറായിട്ടും മുഴുവൻ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ പറഞ്ഞു. എല്ലാ പ്രതികളേയും ഉടൻ പിടികൂടിയില്ലെങ്കിൽ കോടതിയ്ക്ക് മുന്നിൽ ജീവനൊടുക്കുമെന്നും കുടുംബം വ്യക്തമാക്കി.

നേരത്തെ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച "നാൻ പെറ്റ മകൻ" എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അഭിമന്യുവിന്റെ അമ്മാവൻ ലോകൻ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് കമന്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസിൽ ഇരുപതോളം പോപുലർഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രർത്തകരെ പൊലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും പ്രതികൾ വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്നുവെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലോകൻ കമന്റ് ചെയ്തിരുന്നു.