ഉറവിടമാലിന്യ സംസ്‌കരണത്തിന് സഹകരണ മാതൃക ജനപ്രിയമായി ജി ബിന്നുകൾ

Sunday 30 April 2023 12:58 AM IST
സഹകരണ എക്‌സ്‌പോയിലെ കോട്ടയം ഇ- നാട് സഹകരണ സംഘത്തിന്റെ ജീ ബിൻ സ്റ്റാൾ

കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് പുതുമാതൃകയൊരുക്കിയ കോട്ടയം ഇ-നാട് യുവജന സഹകരണ സംഘം തയ്യാറാക്കിയ ഉറവിട മാലിന്യ നിർമ്മാർജന ഉപാധിയായ ജി ബിന്നുകളാണ് ഇത്തവണത്തെ സഹകരണ എക്‌സ്‌പോയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. നിലവിൽ 72 തദ്ദേശ സ്ഥാപനങ്ങളിൽ ജി ബിന്നുകൾ വിതരണം ചെയ്തുകഴിഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം എന്ന ലക്ഷ്യം പ്രാവർത്തികമാക്കുക, ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് ജി ബിന്നിലേക്ക് ഇ-നാടിനെ എത്തിച്ചത്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജിലെ സ്റ്റാർട്ടപ്പ് ആയ ഫോബ് സൊല്യൂഷൻസിന്റെ ജി ബിൻ എന്ന മൾട്ടി ലെയർ എയ്‌റോബിക് ബിൻ ശുചിത്വ മിഷൻ അംഗീകാരം നേടിയതാണ്.

മൾട്ടി ലെയർ സാങ്കേതിക വിദ്യയിൽ സിലണ്ടറിക്കൽ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ബിൻ വീടിനകത്തും പുറത്തും സ്ഥാപിക്കാനാകും. പുഴുശല്യം നിയന്ത്രിച്ച്, ദുർഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാനാകുമെന്നതാണ് ജി ബിന്നുകളുടെ പ്രത്യേകത. സൂക്ഷ്മമായ നിരവധി സുഷിരങ്ങളും വായു സഞ്ചാരം കടക്കുമെന്നതും മികച്ച കമ്പോസ്റ്റിംഗുമെല്ലാം ബിന്നിനെ വേറിട്ടതാക്കുന്നു.

ചകിരിച്ചോറും മറ്റും ചേർത്ത മിശ്രിതമാണ് ബിന്നിന് അടിയിൽ ഇടുക. അതിനു മുകളിൽ ജൈവ മാലിന്യങ്ങൾ ഇടും. ഒരു ബിൻ നിറഞ്ഞ ശേഷം 30-35 ദിവസത്തിനുള്ളിൽ മാലിന്യം കമ്പോസ്റ്റായി മാറും. ഈ കമ്പോസ്റ്റ് ജൈവവളമായി ഉപയോഗിക്കാം.

ബിന്നിന്റെ ഇൻസ്റ്റലേഷൻ സമയത്ത് തന്നെ ഗുണഭോക്താക്കൾക്ക് കൃത്യമായ ഉപയോഗക്രമവും പഠിപ്പിച്ചു നൽകും. ബിന്നുകളുടെ തുടരുപയോഗത്തിന് അത്യന്താപേക്ഷിതമായ ഇനോക്കുലം കൃത്യമായും സമയബന്ധിതമായും ഗുണഭോക്താവിന് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും സൊസൈറ്റിയും ഫോബ് സൊല്യൂഷനും നടപ്പാക്കും.

മൂന്ന് ബിന്നുകളുള്ള ജി ബിന്നുകൾക്ക് 5200രൂപയാണ് വില. 430 രൂപ സബ്‌സിഡി ലഭിക്കും. രണ്ടു ബിന്നുകൾക്ക് 4200രൂപയാണ്. 366 രൂപ സബ്‌സിഡി.