വിഴിഞ്ഞം ക്രൂസ് ടൂറിസം ഹബ്ബാക്കും, വൻ പദ്ധതിയുമായി തുറമുഖ വകുപ്പ്

Sunday 30 April 2023 4:31 AM IST

തിരുവനന്തപുരം:വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളുമായി വിഴിഞ്ഞത്ത് ക്രൂസ് ടൂറിസം ഹബ്ബ് സ്ഥാപിക്കാൻ വൻ പദ്ധതിയുമായി തുറമുഖ വകുപ്പ്. ലോക ടൂറിസത്തിൽ വിഴിഞ്ഞത്തിലൂടെ കേരളത്തിന്റെ ബ്രാൻഡ് മൂല്യം ഉയർത്തുകയാണ് ലക്ഷ്യം.

കൊച്ചി തുറമുഖത്ത് പുരോഗമിക്കുന്ന പദ്ധതികളുടെ ചുവടുപിടിച്ചാകും വിഴിഞ്ഞത്തെയും വികസനം. കൊച്ചിയേക്കാൾ വലിയ സാദ്ധ്യത വിഴിഞ്ഞത്തുണ്ടെന്നാണ് കണക്കുക്കൂട്ടൽ. പൊതു - സ്വകാര്യ പങ്കാളിത്തത്തിലോ ഭൂമി പാട്ട മാതൃകയിലോ ആകും പദ്ധതി. സഞ്ചാരികളെ ആകർഷിക്കാനുളള നിർമ്മാണങ്ങൾക്കൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.

കൊച്ചി തുറമുഖത്ത് കയർ ബോർഡ്, റബർ ബോർഡ്, നാളികേര ബോർഡ്, സ്‌പൈസസ്‌ ബോർഡ്, ആയുഷ് തുടങ്ങിയ സ്റ്റാളുകൾ ആരംഭിക്കുന്നുണ്ട്. 13.76 ഏക്കറിലാണ് കൊച്ചിയിലെ വികസനം. കൊച്ചി തുറമുഖ അതോറിട്ടിയുടെ സാഗരിക ക്രൂസ് ടെർമിനൽ നടത്തിപ്പിനും ടൂറിസം പദ്ധതികളുടെ പ്രോത്സാഹനത്തിനും താത്പര്യ പത്രം ക്ഷണിച്ചു. മേയ് 31 വരെ താത്പര്യ പത്രം നൽകാം. പിന്നെ ടെൻഡർ നടപടികൾ ആരംഭിക്കും.

ടൂറിസം ഹബ്ബിൽ

ഹോട്ടലുകൾ

എക്‌സിബിഷൻ / കൺവെൻഷൻ സെന്ററുകൾ

ആയുർവേദ /ഹെൽത്ത് സ്‌പാകൾ

വാണിജ്യ സൗകര്യങ്ങൾ

സാമ്പത്തിക നേട്ടം

ഒരു സഞ്ചാരിയിൽ നിന്ന് നികുതിയിനത്തിൽ കൊച്ചി തുറമുഖത്തിന് ലഭിക്കുന്നത് ആറ് ഡോളറാണ്. ക്രൂസ് ടെർമിനലിന് സമീപത്തെ സൗകര്യങ്ങളിൽ നിന്ന് അധിക വരുമാനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 31 ആഢംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. 16 എണ്ണം അന്താരാഷ്ട്ര കപ്പലുകളായിരുന്നു. ഈ കാലത്ത് 36,403 സഞ്ചാരികൾ കൊച്ചി തുറമുഖത്ത് എത്തി. നടപ്പ് വർഷം 21 ആഢംബര കപ്പലുകളാണ് കൊച്ചിയിലെത്തുക. വിഴിഞ്ഞത്ത് ഭാവിയിൽ ഇതിനുമപ്പുറം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലോകത്തെ ടൂറിസം ഡെസ്റ്റിനേഷനിൽ വിഴിഞ്ഞം ഇടംപിടിക്കും. തദ്ദേശ വികസനത്തിനൊപ്പം വൻ നികുതി വരുമാനവും കിട്ടും

അഹമ്മദ് ദേവർകോവിൽ,

തുറമുഖ വകുപ്പ് മന്ത്രി