അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു, നീക്കം നിരീക്ഷിക്കാൻ ജിപിഎസ് കോളർ, ആദ്യ സിഗ്നലുകൾ ലഭിച്ചു,ദൗത്യം പൂർണവിജയം

Sunday 30 April 2023 6:59 AM IST

മൂന്നാർ: പതിറ്റാണ്ടുകളോളം ചിന്നക്കനാൽ അടക്കി ഭരിച്ച അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു.പുലർച്ചെ നാലുമണിയോടെയാണ് ആനയെ തുറന്നുവിട്ടത്. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്ക്ക് സമീപത്താണ് തുറന്നുവിട്ടത്. അതിനാൽ തന്നെ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നാണ് കരുതുന്നത്. റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. ഇതോടെ ദൗത്യം പൂർണവിജയമായി. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ രാവിലെ ആറു മണിയോടെ തുടങ്ങിയ പിടികൂടൽ ദൗത്യം വൈകിട്ട് ആറു മണിയോടെയാണ് പൂർത്തിയായത്.ഇന്നലെ പകൽ 11.57ന് ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപംവച്ച് ഡോ. അരുൺ സഖറിയ ആദ്യ മയക്കുവെടിവച്ചു. കൊമ്പനെ വരുതിയിലാക്കി ലോറിയിൽ കയറ്റാൻ അഞ്ചാമത്തെ മയക്കുവെടിവയ്ക്കുമ്പോൾ സമയം 4.40. അത്രയും നേരം അർദ്ധബോധാവസ്ഥയിലും നാലു കുങ്കികളുടെ ബലപ്രയോഗത്തിന് വഴങ്ങാതെ ചെറുത്തുനിൽക്കുകയായിരുന്നു അരിക്കൊമ്പൻ.

ജി.പി.എസ് റേഡിയോ കോളർ ഘടിപ്പിച്ച് തടിക്കൂട്ടിലടച്ച നിലയിൽ ലോറിയിൽ മുല്ലക്കുടിയിലേക്ക് പുറപ്പെടുമ്പോൾ സമയം വൈകിട്ട് 6.05.തുടർന്ന് 122 കിലോമീറ്റർ അകലേക്കുള്ള യാത്രയിൽ ദൗത്യ സംഘവും പൊലീസും മറ്റു ഉദ്യോഗസ്ഥ സംഘവും മുന്നിലും പിന്നിലുമായി നീങ്ങി.യാത്രയ്ക്കിടയിൽ നെടുങ്കണ്ടം ഭാഗത്തുവച്ച് രാത്രി ഒൻപത് മണിയോടെ മയക്കം മാറിയ അരിക്കൊമ്പൻ പരാക്രമം കാട്ടിയത് ഭീതി പരത്തി. ഒരു ഡോസ് മയക്കുമരുന്നുകൂടി നൽകേണ്ടിവന്നു.

രാത്രി പത്തര മണിയോടെ പെരിയാർ വനസങ്കേതത്തിന്റെ കവാടത്തിൽവച്ച് പത്തു മിനിട്ടോളം പൂജ നടത്തിയ ശേഷമാണ് വാഹന വ്യൂഹം വനമേഖലയിലേക്ക് കടന്നത്. തുടർന്നുള്ള യാത്ര മന്ദഗതിയിലായിരുന്നു.

റേഡിയോ കോളറിന്റെ ദൗത്യം

1.റേഡിയോ സംവിധാനത്തിലൂടെ ശബ്ദം കേൾക്കാം. മറ്റ് മൃഗങ്ങളുടെ ആക്രമണമുണ്ടായാൽ ഒച്ചപ്പാട് അറിയാം. ജി. പി.എസ് സംവിധാനത്തിലൂടെ സ്ഥാനം തിരിച്ചറിഞ്ഞ് മൃഗങ്ങളെ തുരത്താൻ വാച്ചർമാർക്ക് എത്താൻ കഴിയും.ആന നാട്ടിലേക്കുള്ള പാതയിലാണെങ്കിൽ അപ്പോഴും തിരിച്ചോടിക്കാൻ കഴിയും.

2. ബാറ്ററിയുടെ ആയുസ് മൂന്നു വർഷം. അപ്പോഴേക്കും ആന കാടുമായി ഇണങ്ങും.