മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് പ്രാണവേദന, ഡോക്ടർമാർക്ക് വീണ വായന
മണ്ണാർക്കാട്: പ്രസവശുശ്രൂഷയ്ക്ക് പേരുകേട്ടതും ഒരുമാസം അമ്പത് മുതൽ നൂറ് വരെ പ്രസവങ്ങൾ നടക്കുകയും ചെയ്തിരുന്ന താലൂക്ക് ആശുപത്രിയിൽ ഇന്നുള്ളത് അഞ്ചിൽ താഴെ മാത്രം പ്രസവങ്ങൾ. ആവശ്യത്തിന് ഡോക്ടർമാരും മരുന്നും അനുബന്ധ സൗകര്യങ്ങളുമുണ്ടായിട്ടുമാണ് ഈ ദയനീയാവസ്ഥ. നിലവിലുള്ള ഗൈനക്കോളജി ഡോക്ടർമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങളും പ്രസവശുശ്രൂഷയ്ക്കും മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്നത് ഇവിടെയാണ്. പേരെടുത്ത ഡോക്ടർമാരും ചികിത്സ സൗകര്യങ്ങളുമായിരുന്നു ഇവിടുത്തെ പ്രത്യേകത. ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രിയാണിത്. ഇവിടെ സേവനമനുഷ്ടിച്ചിരുന്ന ഡോ.കൃഷ്ണനുണ്ണി സ്ഥലം മാറിപോയതിനെ തുടർന്ന് ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയമിച്ചിട്ടും പ്രസവ വാർഡിൽ കാര്യമായ പ്രസവങ്ങൾ നടക്കുന്നില്ലെന്നതാണ് ആക്ഷേപം. പ്രസവശുശ്രൂഷക്കെത്തുന്നവരിൽ ഭൂരിഭാഗംപേരെയും പല വിധ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയും മറ്റും മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ഹോസ്പിറ്റൽ മനേജ്‌മെന്റ് കമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചയായപ്പോൾ അനസ്തിറ്റിസ്റ്റിന്റെ സേവനം 24 മണിക്കൂറും ലഭിക്കാത്തതുകൊണ്ടെന്നായിരുന്നു മറുപടി. നിലവിൽ ഈ പ്രശ്നവും പരിഹരിച്ചുകഴിഞ്ഞതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സ്ഥിതി വ്യത്യസ്തമല്ല. ഡോക്ടർമാർ തന്നെ പേടിപ്പിക്കുന്ന രീതിയിൽ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുമ്പോൾ പ്രസവ കേസായതിനാൽ പ്രതിസന്ധി ഏറ്റെടുക്കാൻ ഗർഭിണികളും ബന്ധുക്കളും തയ്യാറാകാത്തതും പ്രസവകേസുകൾ കുറയാനിടയാകുന്നുണ്ട്.
2023 ജനുവരിയിൽ ആറ് പ്രസവങ്ങളും ഫെബ്രുവരിയിൽ രണ്ടും മാർച്ചിൽ അഞ്ചും പ്രസവങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത് .2022 നവംബറിൽ 15 പ്രസവങ്ങളും നടന്നു. അതേസമയം 2022 ഫെബ്രുവരിയിൽ 83 ഉം മാർച്ചിൽ 110 പ്രസവങ്ങളും മേയ് മാസത്തിൽ 75 പ്രസവവും നടന്നു. 2021 ഓഗസ്റ്റിൽ 115 പ്രസവം വരെയും ഇവിടെ നടന്നിട്ടുണ്ട്. അഞ്ച് വർഷത്തോളം താലൂക്ക് ആശുപത്രിയുടെ സൂപ്രണ്ടായിരുന്ന ഡോ.പമീലി മാസങ്ങൾക്ക് മുമ്പാണ് സ്ഥാനകയറ്റം ലഭിച്ച് സ്ഥലം മാറിപോയത്.
കൂടാതെ പ്രസവശുശ്രൂഷയ്ക്ക് പേരെടുച്ച ഡോ.കൃഷ്ണനുണ്ണിയും സ്ഥലം മാറിപോയി.രണ്ടുപേരുടെയും സേവനമുണ്ടായിരുന്ന സമയത്ത് രോഗികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം ചേർന്ന ഹോസ്പിറ്റൽ മനേജ്‌മെന്റ് കമ്മിറ്റിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. താലൂക്ക് ആശുപത്രിയിൽ നിലവിൽ സൂപ്രണ്ട് ഇല്ല. താത്കാലിക ചുമതല ഓർത്തോ വിഭാഗത്തിലെ ഡോ.അമാനുള്ളയ്ക്കാണ്.
സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന ആദിവാസികളുൾപ്പെടെയുള്ള സാധാരണക്കാർക്ക് പ്രസവ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ല. താലൂക്ക് ആശുപത്രിയിൽ പ്രസവശുശ്രൂഷ സൗജന്യമാണ്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ സാധാരണ പ്രസവങ്ങൾക്ക് 15,000 രൂപയും ശസ്ത്രക്രിയക്ക് 30,000 രൂപയും നൽകേണ്ട സ്ഥിതിയാണുള്ളത്.
ഉത്തരവാദിത്തബോധമുള്ളവരും പരിചയ സമ്പന്നരുമായ ഡോക്ടർമാരുടെ സാന്നിധ്യവും അനസ്തിറ്റിസ്റ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകാനുള്ള സാഹചര്യവും താലൂക്ക് ആശുപത്രിയിൽ ഉറപ്പാക്കണമെന്നതാണ് പൊതുവെയുള്ള ആവശ്യം.
നിലവിലുള്ള ചില ഡോക്ടർമാരുടെ നിരുത്തരവാദിത്തപരമായ സമീപനം താലൂക്കാശുപത്രിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നതാണ്. എല്ലാ വിധ സങ്കേതിക സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടായിരിക്കേ ഈ സൗകര്യങ്ങൾ മറച്ച് വച്ച് പ്രസവത്തിനായെത്തുന്ന ഗർഭിണികൾക്കും ബന്ധുക്കൾക്കും തെറ്റിദ്ധാരണയും ഭയവും ഉണ്ടാക്കുന്ന തരത്തിൽ സംസാരിച്ച് മറ്റ് ആശുപത്രികളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്ന പെരുമാറ്റമാണ് ഡോക്ടർമാർ നടത്തുന്നത്. സ്വന്തം കർത്തവ്യം നിറവേറ്റാനുള്ള മടിയാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണം. ഇതു മൂലം ആദിവാസികൾ ഉൾപ്പെടെ നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഉത്തരവാദിത്തബോധവും പരിചയ സമ്പന്നരുമായ ഡോക്ടർമാരെ അടിയന്തിരമായി താലൂക്കാശുപത്രിയിൽ നിയമിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം.
സി.മുഹമ്മദ് ബഷീർ, മണ്ണാർക്കാട് നഗരസഭ ചെയർമാൻ