പൊതുമരാമത്ത് പ്രീമൺസൂൺ പ്രവർത്തികൾക്ക് ഈയാഴ്ച തുടക്കം

Monday 01 May 2023 12:23 AM IST

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച പ്രീമൺസൂൺ പ്രവൃത്തികൾ ഈയാഴ്ച തുടങ്ങും. മേയ് രണ്ടാം വാരം പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായ ഓട ക്ളീനിംഗ്,മരച്ചില്ലകൾ നീക്കം ചെയ്യൽ,റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കൽ,ഗട്ടറുകൾ അടയ്ക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നാളെ മുതൽ ആരംഭിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ കഴിഞ്ഞമാസം ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.

റണ്ണിംഗ് കോൺട്രാക്ട് നിലവിലുള്ള റോഡുകളെല്ലാം മഴയ്ക്ക് മുന്നോടിയായി ഗതാഗതയോഗ്യമാക്കും. റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടാത്ത റോഡുകൾ മഴക്കാല പൂർവ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തിനടത്തും. കെ.ആർ.എഫ്.ബി,കെ.എസ്.ടി.പി,റിക്ക്,എൻ.എച്ച് വിംഗുകളും ഇതിനായുള്ള പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു. റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഭരണാനുമതി നേടിയെടുത്ത പ്രവൃത്തികളെല്ലാം ഈമാസം അവസാനത്തോടെ നിർമ്മാണത്തിലേക്ക് കടക്കും. 15ന് മുമ്പ് എല്ലാ ചീഫ് എൻജിനിയർമാരും വിലയിരുത്തൽ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കണം. റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടാത്ത റോഡുകൾക്ക് മഴക്കാല പൂർവ അറ്റകുറ്റപ്പണികൾക്കായി എക്സിക്യൂട്ടീവ് എൻജിനിയർ തലത്തിൽ ഫണ്ട് അനുവദിക്കും.