ഉപചാരം ചൊല്ലിപ്പിരിഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ; തൃശൂർപൂരത്തിന് ആവേശത്തോടെ സമാപനം

Monday 01 May 2023 1:27 PM IST

തൃശൂ‌ർ: പൂരങ്ങളുടെ പൂരത്തിന് ഇക്കൊല്ലം അങ്ങനെ സമാപനമായി. വടക്കുംനാഥനെ സാക്ഷിനി‌ർത്തി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി,പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ പൂരം ചടങ്ങുകൾ അവസാനിച്ചു. ഇനി പൂരംവെടിക്കെട്ട് അൽപസമയത്തിനകം നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി. എറണാകുളം ശിവകുമാർ പാറമേക്കാവ് ഭഗവതിയെ ശിരസിലേറ്റി. രണ്ട് ആനകളും മുഖാമുഖം വന്ന് മൂന്നുവട്ടം ഉപചാരം ചൊല്ലി അടുത്ത മേട പൂരത്തിന് കാണാം എന്ന് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു. 12.45ഓടെ ചടങ്ങുകൾ പൂ‌ർത്തിയായി.

രാവിലെ എട്ടുമണിയ്‌‌ക്ക് മണികണ്‌ഠനാൽ ഭാഗത്ത് നിന്നും പാറമേക്കാവിന്റെയും നായ്‌ക്കനാൽ ഭാഗത്ത് നിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളിപ്പുകൾ ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളമൊരുക്കി പാറമേക്കാവ്, ഒപ്പം കുടമാറ്റവും നടന്നു. 15 ആനകളാണ് എഴുന്നള്ളിപ്പിനുണ്ടായത്. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ മേളം നടന്നത്. 14 ആനകളും കുടമാറ്റവും ഉണ്ടായി. ഇനി 2024 ഏപ്രിൽ 19നാണ് അടുത്ത പൂരം. അതുവരെ ഓരോ പൂരപ്രേമിയും തങ്ങളുടെ തട്ടകത്തിന്റെ പ്രിയ ഉത്സവത്തിനായി നീണ്ട കാത്തിരുപ്പാകും.

Advertisement
Advertisement