വെയ്റ്റിംഗ് ലിസ്റ്റിൽ 9,193 പേർ , ഹജ്ജിന് അധിക സീറ്റ് പ്രതീക്ഷയിൽ കേരളം

Wednesday 03 May 2023 12:50 AM IST

മലപ്പുറം: ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ അധിക സീറ്റ് പ്രതീക്ഷയിൽ കേരളം. രേഖകൾ സമർപ്പിക്കാത്തവരുടെ യാത്ര റദ്ദാക്കി ഇതിലേക്ക് വെയ്റ്റിംഗ് ലിസ്റ്റുകാരെ പരിഗണിക്കും. ഇങ്ങനെ കഴിഞ്ഞ വർഷം 2,000ത്തോളം അധിക സീറ്റുകൾ കേരളത്തിന് ലഭിച്ചിരുന്നു. വെയ്റ്റിംഗ് ലിസ്റ്റിന് ആനുപാതികമായാണ് സീറ്റ് അനുവദിക്കുക. കേരളത്തിൽ 10,331പേർ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 9,193പേർ വെയ്റ്റിംഗ് ലിസ്റ്റിലാണ്. രാജ്യത്താകെ 44,593പേരാണുള്ളത് അതിൽ ഗുജറാത്ത്-12,041,മഹാരാഷ്ട്ര-8,949 എന്നിവയാണ് വെയ്റ്റിംഗ് ലിസ്റ്റിൽ കൂടുതൽ പേരുൾപ്പെട്ട സംസ്ഥാനങ്ങൾ.

21നാണ് രാജ്യത്തെ ആദ്യ സംഘം പോകുക.

ജൂൺ ഏഴ് മുതൽ 23വരെയാണ് കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ പുറപ്പെടുക. സാധാരണ ആദ്യ തീർത്ഥാടക സംഘങ്ങളിൽ കേരളം ഉൾപ്പെടാറുണ്ട്. ഇത്തവണ,​അവസാന നിമിഷം ലഭിക്കുന്ന അധികസീറ്റുകളും പ്രയോജനപ്പെടുത്താനായി രണ്ടാംഘട്ടത്തിലേക്ക് യാത്ര മാറ്റണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു.

കൊച്ചിയിൽ വലിയ വിമാനം

കരിപ്പൂർ,കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ 180പേരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനവും കൊച്ചിയിൽ നിന്ന് 300ന് മുകളിൽ പേരെ വഹിക്കുന്ന സൗദിയയുടെ വലിയ വിമാനവും സർവീസ് നടത്തും. കരിപ്പൂരിൽ നിന്ന് 6,322ഉം കണ്ണൂരിൽ നിന്ന് 1,766ഉം കൊച്ചിയിൽ നിന്ന് 2,243ഉം തീർത്ഥാടകരുണ്ട്. കോഴിക്കോട് നിന്ന് 37ഉം കണ്ണൂരിൽ നിന്ന് പന്ത്രണ്ടും സർവീസുകളുണ്ടാവും. കൊച്ചിയുടേത് തീരുമാനമായിട്ടില്ല.

കഴിഞ്ഞ വർഷത്തേക്കാൾ അധിക സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹാജിമാർക്കുള്ള സാങ്കേതിക പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. ഹജ്ജ് ക്യാമ്പ് ഓർഗനൈസിംഗ് കമ്മിറ്റി എറണാകുളത്ത് രൂപവത്കരിച്ചു. ആറിന് കോഴിക്കോടും എട്ടിന് കണ്ണൂരും രൂപീകരിക്കും.

പി.എം.ഹമീദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസർ