ഗ്രാമവണ്ടി സൂപ്പറാണ്
വരുമാനം 88 ലക്ഷം
കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയ്ക്ക് പ്രിയമേറുന്നു
കോഴിക്കോട് : കെ.എസ്.ആർ.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയ്ക്ക് ജനപ്രിയമേറുന്നു. കെ.എസ്.ആർ.ടി.സി ഉത്തരമേഖലയിൽ ഇതുവരെ ഏകദേശം 8874600 രൂപയാണ് ഗ്രാമവണ്ടിയുടെ വരുമാനം.മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന കെ .എസ് .ആർ .ടി .സി യുടെ ഉത്തരമേഖലയിൽ കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങളിലാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജില്ലയിൽ ചാത്തമംഗലത്ത് ഗ്രാമവണ്ടി ഓടിതുടങ്ങിയത്. ദിവസം 4995 രൂപയാണ് ശരാശരി വരുമാനം. സ്കൂൾ സമയത്തെ സർവീസുകൾ കഴിഞ്ഞ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, എം.വി.ആർ കാൻസർ സെന്റർ, നായരുകുഴി, ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ,നെച്ചൂളി കുടുംബാരോഗ്യ കേന്ദ്രം, വെളുത്തൂർ ആയുർവേദ ആശുപത്രി, നായരുകുഴി ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് സർവീസ് നടത്തുന്നത്.
രാവിലെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ഡിപ്പോയിൽ അവസാനിക്കുന്ന തരത്തിലാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് വയനാട്ടിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. ഏകദേശം 5840 രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം. രാവിലെ മാനന്തവാടിയിൽ നിന്നാരംഭിച്ച് വൈകിട്ട് മാനന്തവാടിയിൽ എത്തുന്ന രീതിയിലാണ് സർവീസ്. ആറളം ഫാം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളെ കോർത്തിണക്കി കഴിഞ്ഞ മാസമാണ് കണ്ണൂരിൽ ഗ്രാമവണ്ടി ആരംഭിച്ചത്. 7050 രൂപയാണ് വരുമാനം. ഒക്ടോബറിലാണ് മലപ്പുറത്ത് ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. 3000 രൂപയാണ് ദിവസ വരുമാനം. കോഴിക്കോടാണ് കൂടുതൽ വരുമാനം.
ഗ്രാമവണ്ടികൾക്ക് പഞ്ചായത്തുകളാണ് ഇന്ധന തുക കണ്ടെത്തുന്നത്. വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സ്പോൺസർഷിപ്പിലൂടെയും പഞ്ചായത്തുകളുടെ തനത് ഫണ്ടിലൂടേയുമാണ് പണം കണ്ടെത്തുന്നത്. ഒരോ മാസവും ഒരു ലക്ഷം രൂപയാണ് ഇന്ധനത്തിനായി നീക്കി വെക്കുന്നത്. ഗ്രാമവണ്ടി സർവീസ് നടത്തി ലഭിക്കുന്ന തുക ജീവനക്കാരുടെ ശമ്പളത്തിനും വണ്ടിയുടെ അറ്റകുറ്റപണികൾക്കുമാണ് ഉപയോഗിക്കുന്നത്.ജില്ലയിൽ മറ്റു പഞ്ചായത്തുകൾ ഗ്രാമവണ്ടി സർവീസിനായി സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റു തദ്ദേശസ്ഥാപന പരിധിയിലും ഗ്രാമവണ്ടി സർവീസ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമെന്നും കോഴിക്കോട്കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
''ഗ്രാമവണ്ടി സർവീസിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. നിലവിൽ ലാഭകരമായാണ് സർവീസുകൾ നടക്കുന്നത്. കൂടുതൽ പഞ്ചായത്തുകൾ ഗ്രാമവണ്ടികൾക്കായി താത്പര്യം പ്രകടിപ്പിച്ചു വന്നാൽ കൂടുതൽ സർവീസുകൾ ആരംഭിക്കും -
പി.എ.ഷറഫ് മുഹമ്മദ്,
കെ.എസ്.ആർ.ടി.സി. ഉത്തരമേഖല
എക്സിക്യൂട്ടീവ് ഡയറക്ടർ