വന്ദേ ഭാരത് ട്രെയിനിന് നേരേ കല്ലേറ്: ശക്തമായ നടപടികൾക്കൊരുങ്ങി റെയിൽവേ
തിരൂർ: തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഭാഗങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് റെയിൽവേ പൊലീസ്.
ഏതാനും മാസങ്ങൾക്കുള്ളിൽ ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നതിനാൽ താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു. പക്ഷേ, വന്ദേ ഭാരത് ട്രെയിനിന് കല്ലേറുണ്ടായത് നിസാരമായി കാണാനാവില്ലെന്നും കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും റെയിൽവേ വൃത്തങ്ങളും പൊലീസും പറയുന്നു. താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ് ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്നത്. രാത്രിയും പകലുമെല്ലാം ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ കണ്ണിന് പരിക്കു പറ്റിയവർ ധാരാളമുണ്ട്. ട്രെയിൻ സഞ്ചരിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ അടുത്ത സ്റ്റേഷനിലേ റിപ്പോർട്ട് ചെയ്യാനാവൂ. ട്രെയിൻ യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയാനാവാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുണ്ട്.മലപ്പുറം ജില്ലയിൽ തന്നെ തിരൂരും നിലമ്പൂരും മാത്രമേ റെയിൽവേ പോലീസ് സ്റ്റേഷനുള്ളൂ. ട്രെയിനുകളിൽ പകൽ പൊലീസ് സംരക്ഷണം മിക്കവാറും ട്രെയിനുകളിൽ ഉണ്ടാകാറില്ല . ഷൊർണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഇടയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പൊലീസ് സേവനം ലഭ്യമാകുന്നത്.