10 വർഷമായി നല്ലചാള കിട്ടുന്നില്ലല്ലോ എന്ന പരാതി തീർന്നു, തീരത്തടിഞ്ഞത് 12 ലക്ഷം രൂപയുടെ ചാകര

Wednesday 03 May 2023 12:47 PM IST

കൊച്ചി: മദ്ധ്യകേരളത്തിലുണ്ടായിട്ടുള്ള ചാളച്ചാകരയുടെ ആവേശത്തിലാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.

ഫോർട്ടുകൊച്ചിയിലും വൈപ്പിൻ തീരത്തുമാണ് ചാളകൾ കൂട്ടത്തോടെ അടിഞ്ഞത്. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്‌ക്കൊപ്പം അടിയുന്ന ചാള നാട്ടുകാർ സഞ്ചിയിൽ കോരിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും വൈറലായി.

ഫോർട്ടുകൊച്ചിയിലും വൈപ്പിൻ റോ റോ ജങ്കാർ ജെട്ടിക്കരികിലുമായിരുന്നു ചാകരയെത്തിയത്. വൈകിട്ട് 5.30ഓടെ തിരമാലകൾക്കൊപ്പം ചാളക്കൂട്ടങ്ങൾ കരയിലേക്ക് അടിച്ച് കയറി. വേലിയേറ്റ സമയത്ത് ചാളകൾ കൂട്ടത്തോടെ എത്തിയതാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ജില്ലയിൽ ഇത്തവണ പൊതുവെ മഴ കുറവായതിനാൽ കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടുതലാണ്. വേലിയേറ്റ സമയത്ത് വെള്ളത്തിനൊപ്പം ചാള എത്തിയതാണ്. 16 മുതൽ 19 സെന്റി മീറ്റർ നീളമുള്ള,​ വളർച്ചയെത്തിയ ചാളയാണ് തീരത്തടിഞ്ഞതെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ കടലിൽ ചൂട് കൂടുതലായതിനാലാണ് ചാള തീരത്തേക്ക് എത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചാളയ്ക്ക് താങ്ങാനാവുന്ന ചൂടിന്റെ അളവ് 28 ഡിഗ്രി സെൽഷ്യസാണ്. ഇതിൽ കൂടുതലാണങ്കിൽ മത്സ്യം അടിത്തട്ടിലേക്ക് പോകും. എന്നാൽ കടലിൽ ഉണ്ടാകാറുള്ള പ്രവാഹങ്ങൾ മൂലം ഇവ വീണ്ടും തീരത്തേക്കെത്തും. വടക്ക് നിന്ന് തെക്കോട്ടും തെക്ക് നിന്ന് വടക്കോട്ടുമാണ് കടൽപ്രവാഹങ്ങൾ ഉണ്ടാകാറുള്ളത്. വടക്ക് നിന്ന് തെക്കോട്ട് ഉണ്ടാകുന്ന പ്രവാഹത്തിന്റെ ഭാഗമായി ചില ഘട്ടങ്ങളിൽ അടിത്തട്ടിലെ ധാതുക്കൾ മുകളിലേക്കുവരും. ഇതിൽ ധാരാളം ഭക്ഷണങ്ങളുമുണ്ടാകും. ഇത് കഴിക്കാൻ മത്സ്യങ്ങളെത്തും. ഇതാണ് ചാകരയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

ചാളയില്ലാത്ത കാലം

കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ചാളയുടെ വരവ് കുറവായിരുന്നു. അതിന് കാരണം ധാതുക്കളുടെ അളവ് കുറഞ്ഞതാണ്. കഴിഞ്ഞ വർഷമാണ് ചാള വന്നുതുടങ്ങിയത്. ഇപ്പോൾ കടൽ പ്രവാഹത്തിന്റെ ഭാഗമായി ധാതുക്കൾ ഉയർന്നുവന്നത് നല്ല ലക്ഷണമാണ്. ഇത് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കും. ഈ വർഷം നല്ല രീതിയിൽ ചാള ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

മത്തി ലഭ്യത (ടൺ)

2017- 12,​793

2018- 77,093

2019 - 44,320

2020- 13,154

2021- 3,297 2022- 1,​10,​000

കേരളത്തിൽ ചാളയുടെ ലഭ്യത ഇനിയും കൂ‌ടും. നിലവിൽ വേലിയേറ്റം മൂലം കായലിലേക്ക് ചാള എത്തിയതാണ്.

ഡോ. ഇ.എം. അബ്ദുസമദ്

പ്രിൻസിപ്പൽ സയന്റിസ്റ്റ്

ഹെഡ് ഒഫ് ഫിൻ ഫിഷ് ഫിഷറീസ് ഡിപ്പോർട്ട്മെന്റ്

കുറച്ച് ദിവസങ്ങളിലായി ഉണ്ടായിട്ടുള്ള ചാകര മത്സ്യത്തൊഴിലാളികൾക്ക് വലിയ ഗുണമായിട്ടുണ്ട്. 10-12 ലക്ഷം രൂപ വരെ മത്സ്യത്തൊഴിലാളികൾക്ക് ഒരാഴ്ച ലഭ്യമായിട്ടുണ്ട്.

ചാൾസ് ജോർജ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

സംസ്ഥാന പ്രസിഡന്റ്