ബി.പി.എൽകാർക്കും മറ്റും  ഭൂമി രജിസ്ട്രേഷനിൽ ഇളവ്, ബാധകം 10 സെന്റുവരെ

Thursday 04 May 2023 4:21 AM IST

പാലിയേറ്റീവ് കേന്ദ്രത്തിന് 2 ഏക്കർവരെ

തിരുവനന്തപുരം: ബി.പി.എൽ കുടുംബങ്ങൾ, ദുരന്തബാധിതർ, അനാഥർ, അംഗവൈകല്യം സംഭവിച്ചവർ, എയ്ഡ്സ് ബാധിതർ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഭൂമി രജിസ്ട്രേഷന് ഫീസിളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുതാല്പര്യമുള്ള പദ്ധതികളുടെ ഭാഗമായി കൈമാറുന്ന ഭൂമിയുടെ രജിസ്ട്രേഷനുള്ള മുദ്ര വിലയിലും രജിസ്‌ട്രേഷൻ ഫീസിലും ഇളവ് നൽകും.

ഭൂരഹിതരായ ബി.പി.എൽ കുടുംബങ്ങൾക്ക് വീട് വയ്ക്കാനായി ആൾക്കാർ ദാനമായോ വിലയ്ക്കു വാങ്ങിയോ കുടുംബമൊന്നിന് കൊടുക്കുന്ന 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനിലും ഇതേ ഇളവുണ്ടാകും. കേരള സ്റ്റാമ്പ് ആക്ട് പ്രകാരം കുടുംബം എന്ന നിർവചനത്തിൽ വരുന്ന ബന്ധുക്കൾ അല്ലാത്തവർ നൽകുന്ന ഭൂമിക്കാണിത്. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് സെക്രട്ടറിയാണ് ഇളവ് നൽകി ഉത്തരവ് ഇറക്കേണ്ടത്.

ഇതിൽ പെടാത്ത പൊതു താല്പര്യവിഷയങ്ങളിൽ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം നടപടികൾ സ്വീകരിക്കും.

 മറ്റുവിഭാഗങ്ങളിലെ ഇളവ്

1. ദുരന്തങ്ങളിൽപ്പെട്ട വ്യക്തികൾ അഞ്ചു വർഷത്തിനകം സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും, അങ്ങനെയുള്ളവർക്ക് ബന്ധുക്കൾ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ഇളവ്.

2. അനാഥരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്സ് ബാധിതരുടെയും പുനരധിവാസത്തിനും അവർക്ക് സ്‌കൂളുകൾ നിർമ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന രണ്ട് ഏക്കറിൽ കവിയാത്ത ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ഇളവ്.