സൈബർ ആക്രമണത്തിൽ ആത്മഹത്യ, യുവതിയുടെ മുൻ സുഹൃത്ത് ഇപ്പോഴും കാണാമറയത്ത്

Thursday 04 May 2023 12:58 AM IST

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോട്ടയം : കോതനല്ലൂർ സ്വദേശി വി.എം. ആതിര (26) സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മുൻ സുഹൃത്ത് അരുൺ വിദ്യാധരനെ മൂന്നാം ദിവസവും പിടികൂടാനായില്ല. കോയമ്പത്തൂരിലേക്ക് കടന്നതായി സംശയിക്കുന്ന ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഇയാൾ ഇവിടെ നിന്ന് മുങ്ങിയതായാണ് സൂചന. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അരുണിനായി ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചു. ഹോട്ടൽ മാനേജ്മെന്റ് പഠന സമയത്ത് കോയമ്പത്തൂരിൽ അരുണിന് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതിനിടെ കേസിൽ പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജില്ല പ്രസിഡന്റ് ചിന്റു കുര്യന്റെ നേതൃത്വത്തിലുള്ള സംഘം എസ്.എച്ച്.ഒയെ കാണാനെന്ന പേരിൽ സ്റ്റേഷനുള്ളിൽ കയറുകയും പൊടുന്നനെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കുള്ളിൽ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ആതിര കൊടുത്ത പരാതി അരുൺ ഫേസ് ബുക്കിലിട്ടത് പൊലീസ് ചോർത്തിക്കൊടുത്തതാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.

 ഫോൺ പരിശോധനയ്ക്ക്

ഞായറാഴ്ച ആതിരയുടെ പെണ്ണുകാണലിനു ശേഷമാണ് അരുൺ സൈബർ ആക്രമണം നടത്തിയത്, അന്ന് വൈകിട്ട് പരാതിയും നൽകി. മാനസികമായി തകർന്ന ആതിരയ്ക്ക് ബന്ധുക്കൾ പൂർണപിന്തുണ നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ ഉണർന്നശേഷം വീണ്ടും മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. രാത്രിയിലോ രാവിലെ ഉണർന്നശേഷമോ ആതിരയെ കടുത്ത സമ്മർദ്ദത്തിലാക്കി അരുൺ ഭീഷണിപ്പെടുത്തിയെന്നാണ് സംശയം. ആതിരയുടെ ഫോൺ സൈബർ പൊലീസ് പരിശോധിക്കുന്നുണ്ട്.

'' പരാതിയിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. ലോക്കൽ പൊലീസിന്റെ അധികാരപരിധിക്കപ്പുറമുള്ള സൈബർ കുറ്റകൃത്യമാണ് നടന്നത്. എന്നിട്ടും പരാതി ലഭിച്ചത് മുതൽ വൈക്കം എ.എസ്.പിയും കടുത്തുരുത്തി എസ്.എച്ച്.ഒയും വിഷയത്തിൽ സജീവമായി ഇടപെട്ടു.

-ആശിഷ് ദാസ് ഐ.എ.എസ് (ആതിരയുടെ സഹോദരി ഭർത്താവ്)