'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല; മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി. ഇതൊരു സാങ്കൽപിക ചിത്രമാണെന്നും ചരിത്ര സിനിമയല്ലെന്നും കോടതി നിരീക്ഷിച്ചു. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബറിൽ സിനിമയുടെ ടീസർ ഇറങ്ങിയതാണെന്നും ഇപ്പോഴാണ് ആരോപണമുണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഹൈക്കോടതി പരിശോധിക്കുന്നുണ്ട്. ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മുസ്ളിം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട്, തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ. അനൂപ്, തമന്ന സുൽത്താന, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണ് കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്.
കൂടാതെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്കെതിരെ മതവിശ്വാസത്തെ അവഹേളിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സി. ശ്യാംസുന്ദറും ഹർജി നൽകിയിരുന്നു.
അതേസമയം, ചിത്രത്തിന്റെ പ്രദർശനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസവും മടക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് വിഷയത്തിൽ ഇടപെടാൻ കോടതി വസമ്മതിക്കുന്നത്. സിനിമയെ കുറിച്ച് പ്രേക്ഷകർ വിലയിരുത്തട്ടെയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സിനിമയുടെ അണിയറ പ്രവർത്തകരുടെ അദ്ധ്വാനത്തെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.