ഒരു ക്യാമറയ്ക്ക് 20.30 ലക്ഷം, യു.ഡി.എഫ് ഭരണത്തിലും ക്യാമറയ്ക്ക്  ഉപകരാർ 

Saturday 06 May 2023 4:46 AM IST

 അന്നും കെൽട്രോൺ

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിൽ പ്രതിപക്ഷം അഴിമതി ആരോപണം ആവർത്തിക്കുന്നതിനിടെ, യു.ഡി.എഫ് ഭരണകാലത്തും സമാനരീതിയിൽ ക്യാമറ വാങ്ങിയതിന്റെ രേഖകൾ പുറത്ത്. അന്നും പദ്ധതി നടപ്പാക്കിയ കെൽട്രോൺ സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകുകയായിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2012 ലാണ് വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താനുള്ള ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. പൊലീസിന് വേണ്ടിയുള്ള പദ്ധതിക്ക് 54.6 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്.

കെൽട്രോണിന് ചുമതല നൽകി. അവർ മീഡിയട്രോണിക്സ്, ആർ.പി ടെക് സോഫ്റ്റ് ഇന്റർനാഷണൽ എന്നീ സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി. ഒരു ക്യാമറയ്ക്ക് ചെലവഴിച്ചത് 20.30 ലക്ഷം രൂപ. 40.31 കോടി ചെലവിട്ട് ആകെ സ്ഥാപിച്ചതാവട്ടെ 100 ക്യാമറകൾ മാത്രം. അന്ന് കരാറിൽ പറഞ്ഞിരുന്ന വാറന്റി ഒരു വർഷം മാത്രം. സേഫ് കേരള പദ്ധതിയിൽ അഞ്ച് വർഷത്തേക്കുള്ള പരിപാലന ചെലവ് ഉൾപ്പെടെയാണ് വില നിശ്ചയിച്ചത്.

ബൂട്ട് അടിസ്ഥാനത്തിലായിരുന്നു അന്നത്തെയും കരാർ. 12 മാസങ്ങൾക്കുള്ളിൽ തുക കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴയിൽ നിന്ന് തിരിച്ചടവ് തുക കണ്ടെത്താനായിരുന്നു തീരുമാനം.

സ്പീഡ് പരിശോധനയ്ക്ക്

തുടർച്ചയായി അപകടമുണ്ടാവുന്ന സ്ഥലങ്ങളിൽ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ സ്പീഡ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിക്കാനായിരുന്നു കരാർ. ആദ്യ ഘട്ടത്തിലെ പ്രവർത്തനം വിലയിരുത്തി കൂടുതൽ സ്ഥലങ്ങളിൽ പിന്നീട് ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

54.6 കോടി

പദ്ധതിക്ക് ഭരണാനുമതി

100

വാങ്ങിയ ക്യാമറകൾ

40.31 കോടി

ക്യാമറയ്ക്ക് ചെലവ്