ലോകകപ്പിന്റെ കാഹളം മുഴക്കാൻ കാര്യവട്ടം

Saturday 06 May 2023 1:06 AM IST

2023 ഏകദിന ലോകകപ്പിന് പരിഗണിക്കുന്ന വേദികളുടെ പട്ടികയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും

ന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാനുള്ള 15 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ഇടം നേടി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന് സമർപ്പിച്ച പട്ടികയിൽ നിന്ന് ഐ.സി.സിയാണ് വേദികളും മത്സരക്രമവും നിശ്ചയിക്കുക. കാര്യവട്ടത്തിന് പുറമേ അഹമ്മദാബാദ്, ഡൽഹി,നാഗ്പുർ, ബെംഗളൂരു, മുംബയ്, ലക്നൗ, ഗോഹട്ടി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമ്മശാല,ചെന്നൈ,വിശാഖപട്ടണം എന്നീ സ്‌റ്റേഡിയങ്ങളാണ് ലിസ്റ്റിലുള്ളത്.

ഈവർഷം ഒക്ടോബറിലാണ് ലോകകപ്പിന് തുടക്കമാവുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫൈനലിനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉൾപ്പടെയുള്ള പ്രധാനമത്സരങ്ങൾക്കും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്. ഇതിന് മുമ്പ് 2011-ലാണ് ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കൾ.

കാര്യവട്ടത്തിന് കുറി വീഴുമോ ?

2015ലെ ദേശീയ ഗെയിംസിന്റെ ഭാഗമായി പണികഴിപ്പിച്ച കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇതുവരെ രണ്ട് അന്താരാഷ്ട്ര ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും ന‌ടന്നിട്ടുണ്ട്. 2017 നവംബർ 7ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20യായിരുന്നു ആദ്യ മത്സരം. ഈ വർഷം ജനുവരി 15ന് ഇന്ത്യയും ലങ്കയും തമ്മിലുള്ള ഏകദിനമാണ് അവസാനമായി ന‌ടന്നത്.

ഏറ്റവും മികച്ച ഡ്രസിംഗ് റൂമുകളും 55000ത്തോളം കാണികളെ ഉൾക്കൊള്ളാനാവുന്നതുമാണ് ഗ്രീൻഫീൽഡിന്റെ പ്ളസ് പോയിന്റ്. ഒരു ഡസനോളം പരിശീലന പിച്ചുകളും ഇവിടെ സജ്ജീകരിക്കാനാവുന്നതാണ്.

ലോകകപ്പിനെത്തുന്ന ടീമുകൾക്ക് മികച്ച പരിശീലന സൗകര്യവും ബേസ് ക്യാമ്പ് സൗകര്യവും ഒരുക്കേണ്ടിവരും. വി.ഐ.പി പവലിയനിലും മറ്റും ഐ.സി.സി നിലവാരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കണം. ടെലിവിഷൻ സംപ്രേഷണത്തിനൊപ്പം ഡിജിറ്റൽ സ്ട്രീമിംഗ് കവറേജിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കണം.

കഴിഞ്ഞ മത്സരത്തിൽ ടിക്കറ്റ് വിലയിലെ പ്രശ്നം കാരണം കാണികൾ എത്താതിരുന്നതാണ് മൈനസ് പോയിന്റ്. ഒക്ടോബറിൽ തുലാവർഷം പണിതരുമോ എന്ന പേടിയുമുണ്ട്.

കേരളത്തിലേക്ക് ആദ്യമായി ഒരു ലോകകപ്പ് മത്സരം എത്താനുള്ള സാദ്ധ്യതകളാണ് തെളിയുന്നത്. ഐ.സി.സിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. പിച്ചിന്റെ കാര്യത്തിൽ മികച്ച സൗകര്യങ്ങൾ ഇപ്പോഴുണ്ട്. മറ്റ് അടിസ്ഥാനസൗകരങ്ങൾ ഐ.സി.സി സ്റ്റാൻഡേർഡ് അനുസരിച്ച് വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി പരിശ്രമിക്കും.

- വിനോദ് എസ്. കുമാർ.

കെ.സി.എ സെക്രട്ടറി

Advertisement
Advertisement