വ്യാജ മദ്യമൊഴുക്കാൻ 4 ലക്ഷം ലിറ്റർ സ്പിരിറ്റ് കൊച്ചിയിലെത്തിച്ചു , സൂത്രധാരൻ  മൈസൂരിലെ ഗുണ്ടാത്തലവൻ

Sunday 07 May 2023 4:52 AM IST

പാലക്കാട് വഴി ടോറസ് ലോറിയിലെത്തും ഒളിപ്പിക്കുന്നത് ഉണിച്ചിറയി​ലെ ഗോഡൗണിൽ

കൊച്ചി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാലു ലക്ഷത്തിലധികം ലിറ്റർ വ്യാജ സ്പിരിറ്റ് ‌ കൊച്ചിയിലെത്തിച്ച് വ്യാജ മദ്യം നിർമ്മിക്കാൻ കൈമാറ്റം ചെയ്തെന്ന ഞെട്ടിക്കുന്ന വിവരം എക്സൈസിന് ലഭിച്ചു. മൈസൂരിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജ് മണികണ്ഠനാണ് സൂത്രധാരൻ.

മദ്ധ്യകേരളത്തിലെ വ്യക്തിക്കുവേണ്ടിയാണ് ഗുണ്ടാനേതാവ് ദൗത്യം ഏറ്റെടുത്തത്. എറണാകുളം ഇടപ്പള്ളിക്കും തൃക്കാക്കരയ്ക്കും ഇടയ്ക്കുള്ള ഉണിച്ചിറയി​ലെ ഗോഡൗണിലാണ് സ്പിരിറ്റ് ഒളിപ്പിച്ചത്. ആയിരം കന്നാസുകൾവരെ ഒളിപ്പിക്കാനുള്ള രഹസ്യ അറ ഇവിടുണ്ട്. ഒരു ലിറ്റർ വ്യാജ സ്പിരിറ്റിൽ നിന്ന് നാലു ലിറ്റർ വ്യാജ മദ്യം നിർമ്മിക്കാം. പത്തുലിറ്റർ വ്യാജ കള്ള് നിർമ്മിക്കാൻ ഒരു ലിറ്റർ സ്പിരിറ്റു മതി. ലിറ്ററിന് 300രൂപയാണ് ഈടാക്കിയിരുന്നത്.

ഏപ്രിൽ 12ന് എക്സൈസ് ഇവിടെ റെയ്ഡ് നടത്തി 6,720 ലി​റ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. തൃശൂർ മുതൽ കൊല്ലം വരെയുള്ള മേഖലകളിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോയിരുന്നത്. ഗാേഡൗണിലെ ഒരാളും സ്പിരിറ്റ് കൈമാറ്റത്തിന് ഉപയോഗിക്കുന്ന മൂന്ന് പിക്കപ്പ് വാഹനങ്ങളുടെ ഉടമകളും അറസ്റ്റിലായിരുന്നു. ഗോഡൗൺ വാടകയ്ക്ക് എടുത്ത മാവേലിക്കര പെരിങ്ങാല നടക്കാവിൽ വിജയ ഭവനിൽ അഖിൽ വിജയൻ (35), ഗോഡൗണിലെ ജോലിക്കാരൻ കാർത്തികപ്പിള്ളി കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷം വീട്ടിൽ അർജുൻ അജയൻ (25) എന്നിവർ കഴിഞ്ഞദിവസം കീഴടങ്ങിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.

ഗുണ്ടാ നേതാവിനെ കണ്ടെത്താൻ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം ഉടൻ മൈസൂരിലേക്ക് തിരിക്കും. മൈസൂർ പൊലീസിന്റെ സഹായവും തേടും.

വാഹനവും ഗോഡൗണുകളും സഹായികളെക്കൊണ്ട് തരപ്പെടുത്തുന്നതാണ് രാജ് മണികണ്ഠന്റെ രീതി. അന്യസംസ്ഥാനത്തെ സി​മ്മുകളാണ് ലോറി​ ഡ്രൈവർമാരും ജോലി​ക്കാരും ഉപയോഗി​ച്ചി​രുന്നത്. ആർക്കും രാജ് മണി​കണ്ഠനുമായി​ നേരി​ട്ടു ബന്ധമി​ല്ല. സഹായികൾക്ക് ശമ്പളമായി 40000 രൂപ നൽകിയിരുന്നു. എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ബി.ടെനിമോന്റെ നേതൃതത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീമാണ് പ്രതികളെ പിടികൂടിയത്.

1.പാലക്കാട് വഴി ടാേറസിൽ

സ്പിരിറ്റ് ടോറസ് ലോറികളിൽ പാലക്കാട് അതിർത്തിവഴിയാണ് കൊച്ചിയിലെത്തിക്കുന്നത്. 35 ലിറ്റർ സ്പിരിറ്റ് നിറച്ച 400 കന്നാസുകൾ ഒരു ലോഡിലുണ്ടാവും. രണ്ടു ലോഡുകൾ വരെ ഒരു മാസം എത്താറുണ്ട്. ഇതിനുവേണ്ടിയാണ് ആയിരം കന്നാസ് ഒളിപ്പിക്കാവുന്ന അറ ഗോഡൗണിൽ നിർമ്മിച്ചിരുന്നത്. കന്നാസുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാവും.

2. മെട്രോ പില്ലറുകൾ അടയാളം

ഗോഡൗണിൽ നിന്ന് പിക്കപ്പുകളിൽ പുറത്തേക്ക് കൊണ്ടുവരുന്ന കന്നാസുകൾ കൊച്ചി മെട്രോയുടെ പില്ലറുകൾക്ക് സമീപം വച്ചാണ് കൈമാറ്റം ചെയ്തിരുന്നത്. പില്ലർ നമ്പറാണ് കോഡ്. ആഡംബര കാറുകളിലെത്തുന്ന ഇടപാടുകാർ പിക്കപ്പിൽ നിന്ന് കന്നാസുകൾ എടുത്തുകൊണ്ടുപോകും. കൂടുതലും പോകുന്നത് കായംകുളം, കൊല്ലം മേഖലയിലേക്കാണ്

3. വി​ദേശ മദ്യവും കടത്തി​

ജവാൻ റമ്മി​നേക്കാൾ വി​ലകുറഞ്ഞ മൂഡ് മേക്കർ റം തുടങ്ങി​യ ബ്രാൻഡുകൾ കർണാടകയി​ൽ നി​ന്നും തമി​ഴ്നാട്ടി​ൽ നി​ന്നും ലോഡ് കണക്കി​ന് ഇവർ കേരളത്തി​ലേക്ക് കടത്തി​ ബാറുകൾക്ക് സപ്ളൈ ചെയ്തി​ട്ടുണ്ടെന്നും എക്സൈസി​ന് വി​വരം ലഭി​ച്ചി​ട്ടുണ്ട്. മദ്ധ്യപ്രദേശ് കമ്പനി​ ബി​വറേജസ് കോർപ്പറേഷന് സപ്ളൈ ചെയ്യുന്ന ബ്രാൻഡാണി​ത്. ഒരാഴ്ച മുമ്പ് തൃശൂരി​ൽ നി​ന്ന് 100 കെയ്സ് മൂഡ് മേക്കർ റം എക്സൈസ് പി​ടി​ച്ചതോടെയാണ് ഈ വി​വരം പുറത്തുവന്നത്.