അരിക്കൊമ്പൻ വെള്ളിത്തിരയിലേക്ക് 50 കോടിയുടെ സിനിമ
കൊച്ചി: ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക്. തിരക്കഥ പൂർത്തിയായെന്ന് നിർമ്മാതാവ് എൻ.എം. ബാദുഷ കേരളകൗമുദിയോട് പറഞ്ഞു.
അമ്മയെ നഷ്ടപ്പെട്ട് ഒരു ദിവസത്തോളം ആ ജഡത്തിനരികെ ചെലവിട്ട കുട്ടി അരിക്കൊമ്പന്റെ കഥയിൽ തുടങ്ങി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതുവരെയുള്ള സംഭവങ്ങൾ ഹൃദയസ്പർശിയായി വെള്ളിത്തിരയിലെത്തിക്കും.
ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പെപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ 30-50 കോടി രൂപ ചെലവുള്ള .
ചിത്രം സാജിദ് യഹിയ സംവിധാനം ചെയ്യും. ചിത്രത്തിന്റെ കഥ സുഹൈൽ എം. കോയയുടേതാണ്. അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിച്ചിട്ടില്ല.
ചിന്നക്കനാലിൽ തന്നെ ചിത്രീകരിക്കാൻ വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. അരിക്കൊമ്പന്റെയും ചക്കക്കൊമ്പന്റെയും കോന്നി സുരേന്ദ്രൻ ഉൾപ്പെടെയുള്ള കുങ്കിയാനകളുടെയുമൊക്കെ റോളുകളിൽ 'സൂപ്പർസ്റ്റാർ ആനകൾ"എത്തും. സിനിമയിൽ അഭിനയിക്കാൻ അനുമതിയുള്ളത് പുതുപ്പള്ളി സാധു ഉൾപ്പെടെ അഞ്ച് കൊമ്പന്മാർക്കും അഞ്ച് പിടികൾക്കുമാണ്.
#ഫസ്റ്റ് ലുക്ക് പോസ്റ്റർ
വൈറൽ
ഒരാഴ്ച മുമ്പാണ് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തത്. അതിനുശേഷം മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഉൾപ്പെടെ നിരവധിപ്പേർ തങ്ങൾ ചെയ്യാനിരുന്ന ചിത്രമാണെന്നു പറഞ്ഞ് വിളിച്ചെന്നും ബാദുഷ പറഞ്ഞു.
സോഷ്യൽ മീഡിയ പേജുകളിലൂടെ ബാദുഷയും സാജിദ് യഹിയയും ചേർന്ന് ഇന്നലെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ മിനിറ്റുകൾക്കകം വൈറലായി. ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ. ജെ.പി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
കുടിയൊഴിപ്പിക്കപ്പെട്ട ഒരു ജീവിയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമായാണ് അരിക്കൊമ്പന്റെ കഥ അവതരിപ്പിക്കുക. ആരാധകർ മുതൽ ആനക്കാർ വരെയുള്ളവരുടെ നൂറ് കണക്കിന് ഫോൺവിളികളാണ് ലഭിക്കുന്നത്. എൻ.എം. ബാദുഷ നിർമ്മാതാവ്