മാലിന്യ നിക്ഷേപം: ഒരു മാസത്തിനിടെ 59 പേരിൽ നിന്ന് ഒരു ലക്ഷം പിഴ
ഒറ്റപ്പാലം: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരസഭ. ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള ജെ.എച്ച്.ഐ.മാരുടെ സംഘമാണ് രാത്രിയിലും പകലുമായി പ്രത്യേക പരിശോധന നടത്തുന്നത്.
ഒരു മാസത്തിനിടെ 59 പേരെയാണ് മാലിന്യം തള്ളിയതിന് പിടികൂടിയത്. ഇവരിൽ നിന്ന് ഒരുലക്ഷം രൂപ പിഴയീടാക്കി. 11 പേരെ പൊലീസ് മുഖാന്തരം നിയമനടപടിക്കും വിധേയമാക്കി. രാത്രി എട്ടുമുതൽ 12 വരെയും പുലർച്ചെ നാലുമുതലുമാണ് നഗരപരിധിയിലെ സ്ഥിരം മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ വനിതകൾ ഉൾപ്പെട്ട സംഘത്തിന്റെ പരിശോധന. പിടികൂടുന്നവർക്ക് അപ്പോൾ തന്നെ നോട്ടീസ് നൽകും. ശേഷം നഗരസഭയിലെത്തി പിഴയടയ്ക്കണം.
മാലിന്യം തള്ളുന്നതിന്റെ സ്വഭാവം പരിശോധിച്ച് 20,000 രൂപ വരെ പിഴയീടാക്കും. ഇത് അടയ്ക്കാത്തവരെയാണ് പൊലീസ് മുഖാന്തരം നിയമ നടപടിക്ക് ശുപാർശ ചെയ്യുക ബസ് സ്റ്റാൻഡ് പരിസരം, കണ്ണിയംപുറം, കിഴക്കേ പാലം, തോടുകൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്.