എ.ഐ ക്യാമറ : ഒറിജിനൽ രേഖകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് ചെന്നിത്തല, മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിൽ പുറത്തുവന്ന രേഖകൾ കെട്ടിച്ചമച്ചതാണെങ്കിൽ ഒറിജിനൽ രേഖകൾ പുറത്തു വിടാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്.
സർക്കാരിന്റെ ആഭിമുഖ്യത്തിൽ കറക്കു കമ്പനികളെ വച്ച് നടത്തിയ വൻകൊള്ളയുടെ രേഖകളാണ് പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുറത്തു കൊണ്ടുവന്നത്. അവ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. അദ്ദേഹം വ്യക്തമായ മറുപടി പറയണം. പുറത്തുവന്ന വസ്തുതകളിൽ ഒന്നെങ്കിലും തെറ്റെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രിക്കാകുമോ?
അഴിമതി വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയത്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസില്ലെന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്റെ പ്രസ്താവന പാർട്ടിയുടെ ധാർഷ്‌ട്യത്തിന്റെയും പുച്ഛത്തിന്റെയും തെളിവാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണത്.
വെറും 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും 232 കോടിയുമായി ഉയർന്നത്. ജനങ്ങളിൽ നിന്ന് പിഴ ഈടാക്കി കറക്കുകമ്പനികളെ കൊഴുപ്പിക്കാനും അതുവഴി കീശ വീർപ്പിക്കാനുമാണ് ഭരണക്കാർ നോക്കിയത്. പദ്ധതിക്ക് മുമ്പേ അഴിമതി ആസൂത്രണം ചെയ്തെന്നാണ് രേഖകൾ തെളിയിക്കുന്നത്. ടെൻഡറിൽ ഒത്തുകളിയാണ് നടന്നത്. ടെൻഡർ നേടിയ എസ്.ആർ.ഐ.ടിയും അശോക ബിൽഡ്കോണും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ടെൻഡറിൽ ഒത്തുകളിക്കുന്നത് കുറ്റമായി കണ്ട് കേന്ദ്ര ധനകാര്യവകുപ്പിന്റെ കോംപിറ്റിഷൻ കമ്മിഷന് ഇടപെടാനും ശിക്ഷിക്കാനുമാകും. ഒത്തുകളി നടന്ന ടെൻഡർ നിയമവിരുദ്ധമായതിനാൽ റദ്ദാക്കണം. ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്ത വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് തമാശയാണെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ ചോദ്യങ്ങൾ
കൊള്ളലാഭം കൊയ്ത പ്രസാഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായി ബന്ധമില്ലെന്ന് പറയാമോ?
സി.പി.എമ്മുമായി അവർക്കെന്താണ് ബന്ധം ?
കാര്യമായൊന്നും ചെയ്യാതെ പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ 60 ശതമാനവും പ്രസാഡിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടൻസ് വിശദീകരിക്കാമോ?
അഞ്ച് വർഷം മുമ്പ് മാത്രം രൂപീകരിച്ച പ്രസാഡിയോയ്ക്ക് സർക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു?
പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി : സതീശൻ
കൊച്ചി: എ.ഐ ക്യാമറ അഴിമതി വിവാദത്തിൽ പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തമായ രേഖകളോടെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചത്. ഒന്നിനും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മറുപടിയില്ല. നിരപരാധിത്വം തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾ നുണക്കൊട്ടാരമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ നിലപാടിന് മറുപടിയില്ല. കരാറിനെക്കുറിച്ച് ആന്റണി രാജുവിന് ധാരണയില്ല. കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരും. പ്രതിപക്ഷം പുറത്തുവിട്ട രേഖകൾ ആധികാരികമല്ലെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും സതീശൻ പറഞ്ഞു.
ക്യാമറകൾ എ.ഐ. അല്ല കൊട്ടിഘോഷിച്ച് സ്ഥാപിച്ച ക്യാമറകൾ പഴഞ്ചനാണെന്നും ഒന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയുള്ളതല്ലെന്നും വി.ഡി. സതീശൻ. റോഡ് വികസനം പൂർത്തിയായ ശേഷമായിരുന്നു ക്യാമറ സ്ഥാപിക്കേണ്ടിയിരുന്നത്. ടെണ്ടർ ലഭിച്ച എസ്.ആർ.ഐ.ടി കമ്പനി 9 കോടി കമ്മിഷൻ വാങ്ങി വെറുതേ ഇരിക്കുകയാണ്. കൺസോർഷ്യത്തിലെ മറ്റ് രണ്ട് കമ്പനികളാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് കരാർ ലംഘനമാണെന്നും സതീശൻ പറഞ്ഞു.
അൽഹിന്ദിന് മറുപടി നൽകി: മന്ത്രി രാജീവ്
തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയെക്കുറിച്ച് ഉപകരാർ ലഭിച്ച കമ്പനിയായ അൽഹിന്ദ് പരാതി ഉന്നയിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പണം മടക്കി കിട്ടാൻ സർക്കാർ ഇടപെടണമെന്നായിരുന്നു വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിച്ച പരാതി. പരാതിയിൽ കെൽട്രോണിനോട് വിശദീകരണവും തേടിയിരുന്നു. എന്നാൽ കെൽട്രോൺ എസ്.ആർ.ഐ.ടി കരാർ പ്രകാരം അഞ്ചു വർഷം കഴിഞ്ഞേ പണം മടക്കിനൽകാനാകൂ എന്ന് അറിയിച്ചു. ഇക്കാര്യം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അൽഹിന്ദിനെ അറിയിച്ചിരുന്നു. പിന്നീട് പരാതിയുമായി അവർ ആരെയും സമീപിച്ചിട്ടില്ല. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.