അധികാര ദുർവിനിയോഗം: നികുതി സെക്രട്ടറിക്കെതിരെ കേസെടുത്ത് ലോകായുക്ത
തിരുവനന്തപുരം: നികുതി വകുപ്പ് ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്ന കാരണം പറഞ്ഞ് തെറ്റായി നിയമ വ്യാഖ്യാനം നടത്തി പ്രൊമോഷൻ നിഷേധിച്ച കാര്യത്തിൽ നികുതി സെക്രട്ടറി രത്തൻ യു.ഖേൽക്കർ അടക്കമുളളവർക്കെതിരെ കേസെടുത്ത് നോട്ടീസയയ്ക്കാൻ സംസ്ഥാന ലോകായുക്തയുടെ ഉത്തരവ്. രത്തൻ ഖേൽക്കറെ കൂടാതെ ജി.എസ്.ടി കമ്മിഷണർ അജിത് വി.പട്ടേൽ, നികുതി വകുപ്പ് അഡിഷണൽ സെക്രട്ടറി സിനി ജെ.ഷുക്കൂർ, ജി.എസ്.ടി കമ്മിഷണറേറ്റ് ഡെപ്യൂട്ടി കമ്മിഷണർ സിസിർ.എസ്.വി, സൂപ്രണ്ട് നിമ്മിനാഥ്.ബി.ആർ എന്നിവർക്കെതിരെയാണ് ലോകായുക്ത കേസെടുത്തത്.
പൊതുപ്രവർത്തകനും ജി.എസ്.ടി കൺസൾട്ടന്റുമായ മലപ്പുറം സ്വദേശി ഷാഹിദ് ഇർഫാൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത് പ്രൊമോഷൻ നിഷേധിക്കാനുളള കാരണമല്ലെന്നും അന്വേഷണത്തെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് ചാർജ് ഷീറ്റ് കൊടുത്താൽ മാത്രമേ പ്രൊമോഷൻ നിഷേധിക്കാൻ കാരണമാവുകയുള്ളൂവെന്നും ലോകായുക്ത വ്യക്തമാക്കി.