ബോട്ട് ദുരന്തം; 23 മരണം, മരിച്ചവരിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും, അപകടം താനൂർ ഒട്ടുംപുറം തൂവൽതീരത്ത്
താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്ര ബോട്ട് മറിഞ്ഞു
ഇരുനില ബോട്ടിൽ അമ്പതിലേറെപ്പേർ
രണ്ടുലക്ഷം രൂപ കേന്ദ്രസഹായം
താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ പിഞ്ചുകുട്ടികളടക്കം അമ്പതിലേറെ പേരെ കുത്തിനിറച്ച് സഞ്ചരിച്ച വിനോദയാത്രാബോട്ട് തലകീഴായി മറിഞ്ഞ് 23 പേരുടെ ജീവൻ പൊലിഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ഏഴോടെ പുഴയും കടലും ചേരുന്ന ഭാഗത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് അപകടത്തിനുശേഷമുണ്ടായ ഈ ദുരന്തം വിനോദമേഖലയിലെ ക്രൂരമായ അനാസ്ഥയുടെ ആവർത്തനമാണ്. പരപ്പനങ്ങാടി സ്വദേശി സെയ്തലവിയുടെ മക്കളായ അസ്ന(18), സഹ്ല(7), താനൂർ ഓലപ്പീടിക സിദ്ധിഖ്(35), മക്കളായ ഫാത്തിമ മിൻഹ(12), ഫൈസാൻ(3), ഓലപ്പീടിക ജെൽസിയ ജാബിർ(40), പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ്(10), പിതൃസഹോദരന്റെ മകനായ അഫ്ലഹ്(7), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത്(38), ബന്ധു ജലീർ(9), പരപ്പനങ്ങാടി ആവായിൽ ബീച്ച് കുന്നുമ്മൽ റസീന എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. വൈകിട്ട് ആറിനു ശേഷം സർവീസ് നടത്താൻ പാടില്ലെന്നിരിക്കേ 6.50ഓടെയാണ് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകളുമായി ബോട്ട് യാത്ര പുറപ്പെട്ടത്. 400 മീറ്ററോളം പോയപ്പോൾ ഭാരം കാരണം ഇടതുവശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് പൂർണമായും തലകീഴായി മുങ്ങി. യാത്രക്കാരിൽ പലർക്കും ലൈഫ് ജാക്കറ്റുമുണ്ടായിരുന്നില്ല. രണ്ടു നിലകളുള്ള ബോട്ടിൽ മുകളിലുണ്ടായിരുന്നവരെ ഏറെക്കുറെ രക്ഷപെടുത്താനായി. ഗ്ളാസിട്ട താഴേ നിലയിലെ ആളുകളെ രക്ഷപെടുത്തുന്നതിൽ പ്രയാസം നേരിട്ടു. രണ്ടു ഡോറുകളേ ബോട്ടിനുണ്ടായിരുന്നുള്ളൂ. ഏറെ കുട്ടികൾ ബോട്ടിലുണ്ടായിരുന്നത് മരണത്തിന്റെ ഭീകരത കൂടാനിടയാക്കി. മുങ്ങിയ ബോട്ട് ചളിയിൽ തട്ടി നിന്നതിനാലാണ് മുകളിലുണ്ടായിരുന്നവരെ രക്ഷപെടുത്താനായത്. താഴത്തെ നിലയിൽ 25ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ടരമ ണിക്കൂറോളമെടുത്താണ് ബോട്ടുയർത്തി കരയ്ക്കെത്തിച്ചത്. അവധി ദിവസമായിരുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ബീച്ചിലെത്തിയിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെളിച്ചമില്ലാതിരുന്നതും ബോട്ട് തലകീഴായി മറിഞ്ഞതും വലിയ പ്രയാസം സൃഷ്ടിച്ചു. തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി,പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കു മാറ്റി.