ശിവശങ്കറുടെ ജാമ്യാപേക്ഷ: ഇ.ഡിക്ക് നോട്ടീസ്

Tuesday 09 May 2023 4:05 AM IST

ന്യൂഡൽഹി: ലൈഫ്‌മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇ.ഡിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ മേയ് 17ന് വാദം കേൾക്കാൻ ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

കേസിൽ ഉൾപ്പെട്ട സ്വപ്‌ന സുരേഷിനെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് ശിവശങ്കറുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ, സ്വപ്‌ന മുമ്പ് അറസ്റ്റിലായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. അത് മറ്റൊരു കേസിലാണെന്ന് ശിവശങ്കറുടെ അഭിഭാഷകൻ മറുപടി നൽകി. ലൈഫ് മിഷൻ കേസിൽ ശിവശങ്ക‌ർ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ല. കാൻസർ ബാധിതനായതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു.