മണിപ്പൂർ സംഘർഷം : 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു
Wednesday 10 May 2023 4:33 AM IST
തിരുവനന്തപുരം: സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ രണ്ടു വിമാനങ്ങളിലായി നോർക്ക റൂട്ട്സ് നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്ന് വിമാനമാർഗ്ഗം ബംഗളൂരുവിലും തുടർന്ന് ബസിലുമാണ് ഒൻപത് മലയാളി വിദ്യാർത്ഥികളെ ഇന്നലെ രാവിലെ എത്തിച്ചത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ രാത്രിയോടെ 18 പേരെ ഇംഫാലിൽ നിന്ന് ചെന്നൈ വഴിയും എത്തിച്ചു. വിമാന ചെലവുൾപ്പെടെ നോർക്ക വഹിച്ചു.
നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബയ്, ചെന്നൈ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ :1800 425 3939.