താത്കാലികക്കാരുടെ സേവനം നീട്ടില്ല,​ വസ്തുതരംമാറ്റം അപേക്ഷ വീണ്ടും കുന്നുകൂടുന്നു

Wednesday 10 May 2023 4:44 AM IST

തിരുവനന്തപുരം: രണ്ടു ലക്ഷത്തിലേറെ ഓൺലൈൻ അപേക്ഷകൾ കെട്ടിക്കിടക്കേ, വസ്തു തരംമാറ്റം വേഗത്തിലാക്കാൻ താത്കാലികമായി നിയമിച്ച 972 പേരുടെ സേവനം നീട്ടേണ്ടെന്ന് തീരുമാനം. ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ച ചീഫ് സെക്രട്ടറി,

പകരം എന്തു സംവിധാനം ഏർപ്പെടുത്തുമെന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. പ്രതിദിനം അഞ്ഞൂറോളം അപേക്ഷകളാണ് കിട്ടുന്നത്. താത്കാലിക ജീവനക്കാരുടെ സേവനം നീട്ടുകയോ പകരം സംവിധാനം ഉടൻ ഒരുക്കുകയോ ചെയ്തില്ലെങ്കിൽ വസ്തുതരംമാറ്റം വീണ്ടും പ്രതിസന്ധിയിലാക്കും.

ഒന്നര ലക്ഷത്തോളം കടലാസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അപേക്ഷ തീർപ്പാക്കലിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയത്. 2022 നവംബറിൽ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചു. എംപ്ളോയ്‌മെന്റ് എക്‌സേഞ്ചുകൾ മുഖേന 2022 ജൂൺ, ജൂലായ് മാസങ്ങളിലാണ് 972 പേരെ താത്കാലികമായി നിയമിച്ചത്. 300 വാഹനങ്ങളും വാടകയ്ക്ക് എടുത്തു.

തുടർച്ചയായി 179 പ്രവൃത്തി ദിവസങ്ങളെടുത്താണ് ഓഫ് ലൈൻ അപേക്ഷ മുഴുവൻ തീർപ്പാക്കിയത്. അതിന്റെ പ്രോഗ്രസ് റിപ്പോർട്ട് എല്ലാ മാസവും കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. 2022 നവംബർ 30ന് പ്രത്യേക യജ്ഞത്തിന്റെ സമയം അവസാനിച്ചെങ്കിലും ഓൺലൈൻ അപേക്ഷ തീർപ്പാക്കലിനായി താത്കാലിക ജീവനക്കാരുടെ സേവനം ആറുമാസത്തേക്ക് നീട്ടുകയായിരുന്നു. ഇവരുടെ കാലാവധി മേയ്, ജൂൺ മാസങ്ങളിലായി അവസാനിക്കും.

തീർപ്പാക്കൽ ആദ്യഘട്ടം

2,​12,​169

ആകെ ലഭിച്ച അപേക്ഷകൾ

2,​00,​ 231

തീർപ്പായത്

സംഘടിക്കാൻ

നോക്കി കരടായി

താത്കാലിക നിയമനം കിട്ടിയവർ സംഘടനയുണ്ടാക്കാൻ ശ്രമിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ആദ്യ ആറുമാസം ഓരോ തസ്തികയ്ക്കുമുള്ള ശമ്പള സ്കെയിലിലായിരുന്നു നിയമനം. സേവന കാലാവധി നീട്ടിയപ്പോൾ ധനകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇവരെ ദിവസ വേതന വ്യവസ്ഥയിലാക്കി. ഇതിന്റെ നടപടിക്രമങ്ങൾ കാരണം ശമ്പളം രണ്ടുമാസം വൈകിയപ്പോഴാണ് ഇവർ സംഘടന രൂപീകരിക്കാൻ ശ്രമിച്ചത്.

മേയ് ഒന്നുവരെ കിട്ടിയ

ഓൺലൈൻ അപേക്ഷകൾ

2,50,840

അഞ്ചു മാസത്തിനുള്ളിൽ

തീർപ്പാക്കിയത്

45,343

ശേഷിക്കുന്നത്

2,05,497

1065 കോടി

2018 മുതൽ തരംമാറ്റത്തിലൂടെ കിട്ടിയ വരുമാനം

താത്കാലിക നിയമനം വൈകും

പുതുതായി താത്കാലിക ജീവനക്കാരെ നിയമിക്കണമെങ്കിൽ എംപ്ളോയ്മെന്റ് എക്സേഞ്ചുകളെ അറിയിച്ച് ടെസ്റ്റും ഇന്റർവ്യുവും നടത്തണം. എങ്ങനെ പോയാലും മൂന്ന് മാസത്തിലേറെ സമയം എടുക്കും. അപ്പോഴേക്കും അപേക്ഷകൾ കുന്നുകൂടും.