കെ-സ്റ്റോർ പദ്ധതി 14 മുതൽച ത്രാസും ഇ പോസും ബന്ധിപ്പിക്കും

Thursday 11 May 2023 12:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കെ-സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻ കടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്ന് നടക്കും.

റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുകകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 108 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കും. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് മുൻഗണന.

10,000 രൂപ വരെ ഇടപാട് നടത്താവുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേമെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉത്പന്നങ്ങൾ എന്നിവ കെ-സ്റ്റോറുകളിൽ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 തൂക്കം ബില്ലിൽ കൃത്യമായി രേഖപ്പെടുത്തും

ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്താൻ കഴിയും. 32 കോടി ചെലവുവരുന്ന പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകളിലൂടെ മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി പൊടി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 18ന് അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ആദ്യഘട്ടത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു കടയിലൂടെയും ഒരു കിലോ റാഗിപ്പൊടി വിതരണം ചെയ്യും.