പുനഃസംഘടനയിൽ കുരുങ്ങി കെ.പി.സി.സി ലീഡേഴ്സ് മീറ്റ്

Thursday 11 May 2023 1:12 AM IST

സുൽത്താൻബത്തേരി: സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടനാ ദൗത്യങ്ങളും ലോകസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെപ്പറ്റിയും ചർച്ചചെയ്യാൻ ചേർന്ന കെ.പി.സി.സി ലീഡേഴ്സ് മീറ്റ് പുനഃസംഘടന ചർച്ചയിൽ കുടുങ്ങി. ആദ്യ ദിനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിമർശനത്തിന് തുടക്കമിട്ടത്. പിന്നീട് നടന്ന സംഘടനാചർച്ചയിൽ പുനഃസംഘടനാവിഷയം ആളിക്കത്തി.

മെയിൽ പുനഃസംഘടന പൂർത്തിയാക്കിയില്ലെങ്കിൽ തന്റെ കൈയിലുള്ള പട്ടിക പ്രസിദ്ധീകരിക്കുമെന്ന സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തുവന്നു. അതിനിടെ ഗ്രൂപ്പ് സമവാക്യങ്ങളും സ്ഥാനമാനങ്ങൾ കൂടുതൽ ലഭിച്ചതിനെച്ചൊല്ലിയും തർക്കമുയർന്നു. എന്നാൽ ഈ മാസം തന്നെ പുനഃസംഘടന പൂർത്തിയാക്കണമെന്ന നിലപാട് ശക്തമായതോടെ നേതാക്കൾ അവരവരുടെ നിലപാടുമായി രംഗത്തുവന്നു.

 അനുരഞ്ജനവുമായി വേണു ഗോപാൽ

പുനഃസംഘടനാവിഷയത്തിലെ ഷാനിമോൾ ഉസ്‌മാന്റെ സംസാരം മീറ്റിനെ ശബ്ദമുഖരിതമാക്കി. തുടർന്ന് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടന്നു. നേതൃത്വത്തിനെതിരെ ഒരു വിഭാഗം ശക്തമായ വിമർശനം നടത്തിയപ്പോൾ മറുവിഭാഗം പലപ്പോഴും പ്രതിരോധം തീർത്തു. വാഗ്വാദങ്ങളും വിമർശനങ്ങളും രൂക്ഷമായപ്പോൾ ടി.എൻ. പ്രതാപൻ മത്സരിക്കാനില്ലെന്ന് പറഞ്ഞു. കെ. മുരളീധരനെ പാർട്ടിയുടെ നെറ്റിപ്പട്ടമാണെന്നും ഒഴിച്ചുകൂടാൻ കഴിയില്ലെന്നും അഭിപ്രായവുമുയർന്നു. മത്സരിക്കുന്ന കാര്യത്തെപ്പറ്റി രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് പിന്നീട് പ്രതാപനും വ്യക്തമാക്കി. പുനഃസംഘടന വിഷയത്തിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ചർച്ച ഒതുങ്ങി. എല്ലാ പ്രവർത്തകരും താഴെത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കണമെന്നും അതിനുള്ള രൂപരേഖ ബൂത്ത് മുതൽ ജില്ലാ കമ്മിറ്റിവരെ നൽകുമെന്നും 30നകം പുനഃസംഘടന പൂർത്തിയാക്കാൻ നടപടിയുണ്ടാകുമെന്ന ഉറപ്പിൻമേലാണ് ലീഡേഴ്സ് മീറ്റ് സമാപിച്ചത്.

Advertisement
Advertisement