രോഗികളെ ശുശ്രൂഷിക്കാൻ പോയ മകളുടെ മൃതദേഹം പെട്ടിയിലാക്കി വരുമ്പോൾ ആർക്കാണ് സഹിക്കാൻ പറ്റുക? മന്ത്രിയുടെ വാക്കുകൾ കൂടുതൽ മുറിവുണ്ടാക്കിയെന്ന് വി ഡി സതീശൻ
കോട്ടയം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസ് പുതിയ തിരക്കഥയുണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായതെന്നും ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരാമർശം കൂടുതൽ മുറിവുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പരിചയക്കുറവാണെന്ന് പറഞ്ഞതെന്ന് വി ഡി സതീശൻ ചോദിച്ചു. ആരുടെ പരിചയക്കുറവാണെന്ന് ജനം വിലയിരുത്തും. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിഞ്ഞ് മന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
' മാതാപിതാക്കളോട് സംസാരിച്ചു. അവർക്കുള്ള ഏക മകളാണ്. ആ നഷ്ടം ഒരു കാരണവശാലും നികത്താൻ കഴിയില്ല. പക്ഷേ ഇതുണ്ടായ സാഹചര്യമാണ് അവരെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത്. രോഗികളെ ശുശ്രൂഷിക്കാൻ പോയ മകളുടെ മൃതശരീരം പെട്ടിയിലാക്കി വരുമ്പോൾ ഏത് മാതാപിതാക്കൾക്കാണ് സഹിക്കാൻ പറ്റുക. ഗുരുതരമായ അനാസ്ഥയാണ് ഇതിനകത്ത് ഉണ്ടായിരിക്കുന്നത്.
പൊലീസുകാരുടെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ടായിട്ടും അതിൽ നിന്ന് കരകയറാനുള്ള മാർഗം കണ്ടുപിടിക്കുകയാണ്. ഇന്നലെ എ ഡി ജി പി പറഞ്ഞത് ഒന്ന്, എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത് വേറൊന്ന്. നാട്ടുകാർ തല്ലി വഴിയിലിട്ടിരിക്കുന്ന ഒരാളെ കൊണ്ടുപോണതുപോലെയാണ് ചെയ്തത്. ഇയാൾ വയലന്റായി, അവിടെ പ്രശ്നമുണ്ടാക്കിയപ്പോൾ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിടിച്ചുകൊണ്ടുവന്നത്. അവിടെ പശുക്കളെ അഴിച്ചുവിടുകയും ആളുകളെ ഉപദ്രവിക്കുകയുമൊക്കെ ചെയ്ത ഒരാളാണ് അയാൾ.
മയക്കുമരുന്നിന് അടിമയായ, ഒരുപാട് പ്രശ്നങ്ങളുണ്ടാക്കിയ ആളുടെ കൈപോലും കെട്ടാതെയാണ് പൊലീസ് കൊണ്ടുവന്നത്. ഈ അതിക്രമം അയാൾ കാണിച്ചപ്പോൾ പൊലീസുകാർ ഉൾപ്പടെ ഓടി അകത്തുകയറുകയായിരുന്നു. ഈ കുട്ടി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാം നിരന്തരം നിയമസഭയിൽ ഉന്നയിച്ച പ്രശ്നമാണിത്. വിഷയം ഗൗരവത്തോടെ അവതരിപ്പിച്ചിട്ടും വളരെ നിസാരമായ മറുപടി നൽകി, ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയാണ്. വീണ്ടും ബോട്ടപകടമുണ്ടായപ്പോൾ ചർച്ചയൊക്കെയായി. അതുപോലെ ഈ സംഭവവും കുറച്ച് ദിവസം നിൽക്കും.'- വി ഡി സതീശൻ പറഞ്ഞു.