'ഒന്ന് കണ്ണ് തുറക്കാൻ പറ', തളർന്നുവീണ് അമ്മ, പൊന്നുമോൾക്ക് ഉമ്മ നൽകി മതിയാകാതെ അച്ഛൻ; വന്ദനയ്‌ക്ക് നാടിന്റെ യാത്രാമൊഴി, മൃതദേഹം സംസ്‌കരിച്ചു

Thursday 11 May 2023 2:28 PM IST

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ (23) മൃതദേഹം സംസ്‌കരിച്ചു. കോട്ടയത്തെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്.

കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. 'ഒന്ന് കണ്ണ് തുറക്കാൻ പറ' എന്നും പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റുമുള്ളവർക്കും സഹിക്കാൻ കഴിഞ്ഞില്ല. വസന്തകുമാരി തളർന്നുവീണു.

ഇന്നലെ രാവിലെയാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്.അസീസിയ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കിയ വന്ദനാ ദാസ് ഹൗസ് സർജൻസിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച മദ്യപാനി ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് (42) ആണ് അരുംകൊല നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

നെടുമ്പന യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന സന്ദീപ്, ഇന്നലെ പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തുമ്പോൾ സന്ദീപ് വടിയുമായി അയൽവീടിന്റെ പരിസരത്തുണ്ടായിരുന്നു. കാലിലെ മുറിവിൽ മരുന്ന് വയ്ക്കാൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രൻപിള്ള, പൊതുപ്രവർത്തകനായ ബിനു എന്നിവരെയും കൂട്ടി പൊലീസ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് ഇയാൾ അക്രമാസക്തനായത്. ആശുപത്രിയിലെ കത്രികയെടുത്ത് വന്ദനയേയും, പൊലീസുകാരടക്കമുള്ളവരെയും കുത്തുകയായിരുന്നു. പ്രതിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

Advertisement
Advertisement