ഡോ.വന്ദനയെ കുത്തിയത് ഓർമയില്ലെന്ന് സന്ദീപ്

Friday 12 May 2023 12:10 AM IST

തിരുവനന്തപുരം: ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓർമയില്ലെന്നും കുറേപ്പേർ ചേർന്ന് ഉപദ്രവിച്ചപ്പോൾ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസമായി ലഹരി ഉപയോഗിക്കാൻ കഴിയാത്ത വിഭ്രാന്തിയിലാകാം പ്രതി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം, സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നാണ്‌ ഡോക്ടർമാരുടെ അഭിപ്രായം.
ബുധനാഴ്ച രാത്രിയോടെയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിൽ എത്തിച്ചപ്പോഴും ഇന്നലെ രണ്ടു തവണയും മെഡിക്കൽ ഓഫീസർമാർ പരിശോധിച്ചു. കൈവിലങ്ങ് അഴിച്ചാണ് പരിശോധന നടത്തുന്നത്. ശാന്തനായാണ് പെരുമാറുന്നത്. നല്ല രീതിയിൽ ഭക്ഷണവും കഴിക്കുന്നുണ്ട്.

റിപ്പർ കിടന്ന സെല്ലിൽ

സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൊലീസ് കാവലും സി.സി.ടിവി നിരീക്ഷണവുമുള്ള യു.ടി.ബി ബ്ലോക്കിലാണ്. ആർ.പി 6223 നമ്പർ തടവുകാരൻ. റിപ്പർ ജയാനന്ദൻ,​ തടിയന്റവിട നസീ‌ർ എന്നിവരെ പാർപ്പിച്ചിരുന്ന സെല്ലിലാണ് സന്ദീപ്. റിമാൻഡ് പ്രതികളെ അപൂർവ്വമായാണ് അതീവസുരക്ഷ സെല്ലിൽ പാർപ്പിക്കുന്നത്.