'ഇതാണ് കഴുത കണ്ണീർ, വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

Friday 12 May 2023 12:44 PM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മന്ത്രി കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് കഴുതക്കണ്ണീർ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആക്ഷേപിച്ചു.

ഇന്നലെ വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് കനത്ത പൊലീസ് സുരക്ഷയിലാണ് മടങ്ങിയത്. മന്ത്രി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മരണത്തിന് പിന്നാലെ വന്ദന അത്ര എക്‌സ്പീരിയൻസ്ഡ് അല്ലെന്നും അതുകൊണ്ടാണ് അക്രമമുണ്ടായപ്പോൾ ഭയന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വീണാ ജോർജിനെതിരെ രാഷ്ട്രീയ രംഗത്തെയും ആരോഗ്യ മേഖലയിലെയും നിരവധിപേർ പ്രതികരണവുമായി എത്തിയിരുന്നു.

വന്ദന ഹൗസ് സർജൻ ആണെന്നും പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ ഭയന്നുവെന്നുമാണ് അവിടത്തെ ഡോക്ടർമാർ അറിയിച്ചത് എന്നായിരുന്നു വീണ ജോർജ് പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇതോടെ വിശദീകരണവുമായി വീണാ ജോർജ് രം​ഗത്തെത്തിയിരുന്നു. വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് മാദ്ധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസാണ് ഇവിടെ വെളിവാകുന്നതെന്നും മന്ത്രി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.