റോഡിലെ ക്യാമറയിൽ നടന്നില്ലെങ്കിൽ വീട്ടിലെ മീറ്ററിൽ നടത്തും, അടുത്ത അഴിമതിക്ക് ലക്ഷ്യമിടുന്നത് പൊതുജനങ്ങളുടെ വീട്ടിനുള്ളിൽ

Saturday 13 May 2023 11:08 AM IST

തിരുവനന്തപുരം: വിവാദ എ.ഐ ക്യാമറ ഇടപാടിന് സമാനമായ രീതിയിൽ കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ പദ്ധതിയിലും സ്വകാര്യ കമ്പനികൾക്ക് ഉപകരാറിന് വഴിതുറന്ന് കോടികൾ തട്ടിക്കാൻ നീക്കം. ക്യാമറ ഇടപാടിൽ കെൽട്രോണിനെ മറയാക്കിയെങ്കിൽ, ഇവിടെ സി.ഡാക്കിനെയാണ് മുന്നിൽ നിറുത്തുന്നത്.

സി.ഡാക്കിന്റെ നേതൃത്വത്തിലുള്ള എസ്.പി.വി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) മുഖേന സ്മാർട്ട്മീറ്റർ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. വൈദ്യുതി മീറ്റർ രംഗത്ത് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ഓപ്പൺ ടെൻഡറിലൂടെ ടോട്ടക്സ് മാതൃകയിൽ കരാർ നൽകനാണ് കേന്ദ്ര നിർദ്ദേശം. ഇത് അട്ടിമറിക്കാനാണ് ശ്രമം.

സി.ഡാക് പോലുള്ള സ്ഥാപനങ്ങൾക്ക് സ്മാർട്ട്മീറ്റർ നടപ്പാക്കാൻ പ്രയാസമായിരിക്കുമെന്ന് സർക്കാർ തന്നെ നിയോഗിച്ച ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ചെയർമാനായ വിദഗ്ദ്ധസമിതി മാർച്ച് 23ന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് കേന്ദ്രത്തിന്റെ അനുമതി തേടി കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥന്റെ കത്ത് കേന്ദ്രത്തിന് പോയത്.

സ്മാർട്ട് മീറ്റർപദ്ധതി സ്വകാര്യവത്കരണമാണെന്ന ആക്ഷേപമുയർത്തി വൈദ്യുതിബോർഡിലെ തൊഴിലാളികൾ എതിർക്കുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ ഉപഭോക്തൃ വിവരവും നടത്തിപ്പ് രീതിയും സ്വകാര്യസ്ഥാപനം മനസിലാക്കാനും ഭാവിയിൽ വൈദ്യുതി വിതരണം പൂർണ്ണമായി സ്വകാര്യവത്കരിക്കാനും ഇടയാക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.

ജൂൺ 15നകം ടെൻഡർ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിനുള്ള ഗ്രാന്റ് റദ്ദാക്കി അത് മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്മാർട്ട് മീറ്ററിന് പുറമെ 4000 കോടി രൂപയുടെ വിതരണസംവിധാനം നവീകരിക്കുന്ന പദ്ധതിയുമുണ്ട്. ഇത് ജില്ലാ അടിസ്ഥാനത്തിൽ നടപ്പാക്കിവരികയാണ്. ജൂൺ 15നകം പൂർത്തിയാക്കാനാണ് ശ്രമം. 60% സബ്സിഡി കിട്ടുന്ന പദ്ധതിയാണിത്.

അട്ടിമറി വഴികൾ

1.പരിചയസമ്പത്തില്ലാത്തതിനാലും പ്രാപ്തിയില്ലാത്തതിനാലും ഉപകരാർ നൽകാൻ സി.ഡാക്ക് നിർബന്ധിതമാവും. അത് ഏറ്റെടുക്കുന്നത് തട്ടിക്കൂട്ട് കമ്പനികളോ അവയുടെ കൺസോർഷ്യമോ ആവാം.

2. കേന്ദ്ര സർക്കാർ എംപാനൽ ചെയ്തതും വൈദ്യുതി മീറ്റർ രംഗത്ത് അനുഭവപരിചയവുമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങളെ അകറ്റി നിറുത്താം.

കേന്ദ്രം പറഞ്ഞ ടോട്ടക്സ് മാതൃക

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ചെലവ് പദ്ധതിയുടെ കരാർ ലഭിക്കുന്ന കമ്പനി വഹിക്കുകയും വൈദ്യുതി വിറ്റഴിക്കുന്നതിനൊപ്പം മീറ്റർവാടകയായും സർവീസ് ചാർജ്ജായും ഈ തുകയും ലാഭവും ഉപഭോക്താക്കളിൽ നിന്ന് വസൂലാക്കുകയും ചെയ്യുന്ന രീതിയാണ് ടോട്ടക്സ് കരാർ രീതി. പരിചയസമ്പത്തുള്ള എംപാനൽ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രം അവസരം.

പദ്ധതിച്ചെലവ് 8200കോടി

വൈദ്യുതി ഉപഭോക്താക്കൾ 115ലക്ഷം

ഒന്നാം ഘട്ടത്തിൽ സ്ഥാപിക്കുന്ന സ്മാർട്ട് മീറ്റർ 37ലക്ഷം

Advertisement
Advertisement