സിബിഎസ്ഇ പരീക്ഷയിൽ കേരളം ഒന്നാമതെത്തിയത് രണ്ട് കാരണങ്ങൾ കൊണ്ടെന്ന് വിലയിരുത്തൽ

Saturday 13 May 2023 12:49 PM IST

കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം നേടാനായത് ഇവിടത്തെ സ്കൂളുകളുടെ മികച്ച നിലവാരം കൊണ്ടാണെന്ന് വിലയിരുത്തൽ. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും കാരണമായി.

പത്താം ക്ളാസ് പരീക്ഷാ ഫലത്തിൽ രാജ്യത്ത് ഗുവാഹതി മേഖലയാണ് വിജയശതമാനത്തിൽ പിന്നിൽ-76.9. 12-ാം ക്ളാസിൽ രാജ്യത്ത് ബംഗളൂരു മേഖലയാണ് രണ്ടാം സ്ഥാനത്ത്- 98.46%. മൂന്നാമത് ചെന്നൈ 97.40%. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയാണ് ഏറ്റവും പിന്നിൽ- 78.05. വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യ മത്സരം ഇല്ലാതാക്കാൻ ഉയർന്ന റാങ്ക് ജേതാക്കളുടെ പട്ടികയും ഡിവിഷനുകളും പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.

അടുത്ത വർഷം പരീക്ഷ ഫെബ്രുവരിയിൽ

അടുത്ത വർഷത്തെ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

കമ്പാർട്ട്മെന്റ് പരീക്ഷ ഇനി സപ്ലിമെന്ററി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ കമ്പാർട്ട്മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി പരീക്ഷ എന്നു മാറ്റി. ബോർഡ് പരീക്ഷകളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും സി.ബി.എസ്.ഇ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷയിൽ രണ്ട് വിഷയങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താം. 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. സപ്ലിമെന്ററി പരീക്ഷയുടെ തീയതികളും സിലബസും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

12-ാം ക്ലാസ്

മേഖല, വിജയ ശതമാനം

തിരുവനന്തപുരം- 99.91

ബംഗളൂരു- 98.64

ചെന്നൈ- 97.40

ഡൽഹി വെസ്റ്റ്- 93.24

ചണ്ഡിഗഡ്- 91.84

ഡൽഹി ഈസ്റ്റ്- 91.50

അജ്മീർ- 89.27

പൂനെ- 87.28

പഞ്ച്കുല- 86.93

പാട്ന- 85.47