കളഭാഭിഷേകത്തിന്റെ ധന്യതയിൽ ശബരിമല

Tuesday 16 May 2023 4:11 AM IST

ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ കളഭാഭിഷേകം ആരംഭിച്ചു. ഇന്നലെ രാവിലെ ഉഷ:പൂജയ്ക്കുശേഷം ഉച്ചപൂജയ്ക്ക് മുന്നോടിയായാണ് കളഭാഭിഷേകം നടന്നത്.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച കളഭകലശം കിഴക്കേ മണ്ഡപത്തിൽ നിന്ന് മേൽശാന്തി വി.ജയരാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിനുളളിൽ എത്തിച്ചു. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ കളഭാഭിഷേകം നടത്തി നീരാഞ്ജനമുഴിഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. പുലർച്ചെ 4.30ന് ദേവനെ പളളിയുണർത്തിയശേഷം 5നാണ് നട തുറന്നത്. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 5.30ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം ആരംഭിച്ചു. നെയ്യഭിഷേകവും അഷ്ടാഭിഷേകവും പൂർത്തിയാക്കി. ഉദയാസ്തമയപൂജ, 25കലശാഭിഷേകം എന്നിവ നടന്നു. വൈകിട്ട് ദീപരാധന, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവതിസേവ ആരംഭിച്ചു. ഇന്നലെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Advertisement
Advertisement