 ഉപസമിതി യോഗം തുടങ്ങി --- കോൺ. പുനഃസംഘടനാ പട്ടിക 30നകം ഇറക്കാൻ ശ്രമം

Tuesday 16 May 2023 12:00 AM IST

തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമപട്ടിക ഈ മാസം 30നകം പൂർത്തിയാക്കാനാവശ്യമായ മാരത്തൺ ചർച്ചകൾക്ക് സംസ്ഥാന കോൺഗ്രസിൽ തുടക്കം. ഇതിനായി രൂപീകരിച്ച ഏഴംഗ കെ.പി.സി.സി ഉപസമിതി യോഗം ഇന്നലെ ഇന്ദിരാഭവനിൽ ആരംഭിച്ചു. രാവിലെ തുടങ്ങി രാത്രിയോളം നീണ്ട യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ കരട് പട്ടികകളുടെ പരിശോധനയാണ് നടന്നത്.

പല ജില്ലകളിൽ നിന്നും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും ഡി.സി.സി ഭാരവാഹിസ്ഥാനത്തേക്കും മൂന്നും നാലും പേരുകളാണ് കൈമാറിയിരിക്കുന്നത്. ഒറ്റപ്പേരിലേക്ക് ചുരുക്കുന്ന പ്രക്രിയയാണ് ഉപസമിതി നടത്തുന്നത്. വലിയ തർക്കമുള്ളിടങ്ങളിൽ പരമാവധി രണ്ട് പേരുകളാക്കി കെ.പി.സി.സി നേതൃത്വത്തിന്റെ അന്തിമതീർപ്പിന് കൈമാറാനാണ് ധാരണ. ഇന്നലെ അഞ്ച് ജില്ലകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയതായി സൂചനയുണ്ട്. ഇന്നും നാളെയും ചർച്ച തുടരും.

ഭാരവാഹികളിൽ അമ്പത് ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരാകണമെന്നും പട്ടികവിഭാഗ, പിന്നാക്ക, വനിതാ സംവരണം ഉറപ്പാക്കണമെന്നും നിബന്ധനയുണ്ട്. 285 ബ്ലോക്ക് പ്രസിഡന്റുമാരാണ് ആകെ. ഡി.സി.സി ഭാരവാഹികളുടെ എണ്ണം വലിയ ജില്ലകളിൽ 35ഉം ചെറിയ ജില്ലകളിൽ 25ഉം പേരായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisement
Advertisement