പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ; മുൻ പൂജാരിക്കെതിരെ കേസ്

Wednesday 17 May 2023 4:34 AM IST

പത്തനംതിട്ട:ശബരിമലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പുറത്താക്കിയ പൂജാരിയുടെ നേതൃത്വത്തിൽ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഘത്തിനെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗവും ശബരിമലയുടെ കിഴക്കായി,​ മകരജ്യോതി തെളിയുന്ന പുണ്യകേന്ദ്രവുമായ പൊന്നമ്പലമേട്ടിൽ സന്ദർശക വിലക്ക് ലംഘിച്ചാണ് തൃശൂർ തെക്കേക്കാട്ടുമഠം നാരായണൻ തിരുമേനിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

പൊന്നമ്പലമേട്ടിലെ തറയിലിരുന്ന് നാരായണൻ തിരുമേനി കളംവരച്ച് പൂജനടത്തുന്നത് ഒപ്പമുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വീഡിയോ കണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഡി.ജി.പിക്കും വനംവകുപ്പിനും പരാതി നൽകി. തുടർന്നാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസെടുത്തത്.

മുൻപ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഇയാൾ ക്രമക്കേട് കാട്ടിയത്. പുറത്താക്കിയെങ്കിലും തമിഴ്നാട്ടുകാർക്കൊപ്പം എല്ലാ മാസവും ഇയാൾ ശബരിമലയിലെത്താറുണ്ട്. വാഹനത്തിൽ ശബരിമല തന്ത്രി എന്ന് ബോർഡ് വച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പറയുന്നു.

പൊന്നമ്പലമേട്ടിൽ വനംവകുപ്പിന്റെ മൗനാനുവാദത്തോടെ ആളുകൾ എത്തുന്നുണ്ടെന്ന പരാതികളുണ്ട്. നാരായണൻ നമ്പൂതിരിയും സംഘവും എത്തിയതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് സൂചനയുണ്ട്.

നാരായണ സ്വാമിക്കെതിരെ ചുമത്തിയത് ഏഴുവർഷം വരെ വരെ തടവുശിക്ഷ ലഭിക്കാവുന്ന കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) ,1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51) എന്നീ വകുപ്പുകളാണ്.

പൊന്നമ്പലമേട്

പൊന്നമ്പലമേട്ടിൽ അനുവാദമില്ലാതെ ആരേയും വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. മകരവിളക്ക് പൂജയ്‌ക്ക് ദേവസ്വം ബോർഡ‌് നിശ്ചയിക്കുന്നവർക്കൊപ്പം പൊലീസിന്റെയും വനംവകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും അധികൃതർ എത്താറുണ്ട്. കുമളി-പച്ചക്കാനം റോഡിൽ പച്ചക്കാനം ഈസ്റ്റിൽ നിന്ന് ജീപ്പു റോഡിലൂടെയും കൊച്ചുപമ്പയിൽ നിന്നും പമ്പയിൽ നിന്നും വനത്തിലൂടെയും പൊന്നമ്പലമേട്ടിലെത്താം. കൊച്ചുപമ്പയിലും പച്ചക്കാനത്തും വനംവകുപ്പിന്റെ ചെക്കുപോസ്റ്രുണ്ട്. സ്വകാര്യ വാഹനത്തിലെത്തുന്നവർക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ കടക്കാനാവില്ല. കെ.എസ്.ആർ.ടി.സി ബസിലെത്തുന്നവർക്ക് പരിശോധന കൂടാതെ ഗവിയിൽ നിന്ന് ജീപ്പിൽ ഇവിടെ എത്താം.

അയ്യപ്പ ഉപാസകനാണ് ഞാൻ. സന്യാസ തുല്യമായ ജീവിതമാണ്. തൃശൂർ സ്വദേശിയാണെങ്കിലും അയ്യപ്പ പൂജകളുമായി തമിഴ്നാട്ടിലാണ്. പൊന്നമ്പലമേട്ടിൽ അയ്യപ്പന്റെ പൂജകൾ മാത്രമാണ് നടത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ല.

നാരായണൻ തിരുമേനി സോഷ്യൽ മീഡിയയിൽ

Advertisement
Advertisement