കൂടത്തായി കേസ്: ജോളിയ്ക്ക് എതിരെ മകന്റെ മൊഴി

Wednesday 17 May 2023 1:07 AM IST

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളിയ്ക്കെതിരെ മകൻ മൊഴി നൽകി. കൊലപാതകങ്ങൾ ജോളി തന്നെയാണ് നടത്തിയതെന്നാണ് കേസിലെ ഒന്നാം പ്രതിയായ ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെയും കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെയും മകൻ റെമോ റോയ് സാക്ഷി വിസ്താരം നടക്കുന്ന മാറാട് പ്രത്യേക കോടതി ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകിയത്. അന്നമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കി കൊടുത്തും മറ്റുള്ള അഞ്ചു പേർക്ക് ഭക്ഷണത്തിലും വെള്ളത്തിലുമായി സയനൈഡ് കലക്കിക്കൊടുത്തുമാണ് കൊലപ്പെടുത്തിയതെന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നു. സയനൈഡ് എത്തിച്ചു നൽകിയത് ഷാജി എന്ന എം.എസ്. മാത്യു ആയിരുന്നു. അദ്ദേഹത്തിന് പ്രജികുമാറാണ് സയനൈഡ് കൈമാറിയത്.

റോയ് തോമസുമായുള്ള വിവാഹം കഴിഞ്ഞ് പൊന്നാമറ്റം വീട്ടിലെത്തിപ്പോൾ എംകോം ബിരുദധാരി ആണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നതെന്ന് കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരനുമായ റോജോ മൊഴി നൽകി. അച്ഛൻ ടോം തോമസ് മരിച്ച സമയത്ത് വിദേശത്തായിരുന്ന താൻ തിരിച്ചെത്തിപ്പോൾ ജോളി വ്യാജ ഒസ്യത്ത് കാണിച്ചതും വ്യാജ രേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും തന്നിൽ സംശയം ഉളവാക്കിയെന്നും അതുകൊണ്ടാണ് ആറു ദുരൂഹ മരണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പരാതി നൽകിയതെന്നും റോജോ മൊഴി നൽകി. 163-ാം സാക്ഷി നെൽസൺ വർഗീസും മൊഴി നൽകി. സാക്ഷികളുടെ എതിർവിസ്താരം ഇന്നത്തേക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡിഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.